T20 World Cup 2021: 'ഇവര്‍ ഇന്ത്യയുടെ ഉറക്കം കെടുത്തും', വെല്ലുവിളി ഉയര്‍ത്തുന്ന പാക് താരങ്ങള്‍
ദുബായ്: ഇന്ത്യ-പാകിസ്താന്‍ ടി20 ലോകകപ്പ് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും മൂന്ന് നാള്‍. 24ന് നടക്കുന്ന ചിരവൈരി പോരാട്ടത്തില്‍ വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്താനുള്ള കെല്‍പ്പ് പാകിസ്താനുണ്ട്. ബാബര്‍ അസാം നയിക്കുന്ന പാക് നിരയില്‍ പ്രതിഭാശാലികളായ താരങ്ങളുണ്ട്. കൂടാതെ യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവസമ്പത്തും പാകിസ്താനെ തുണച്ചേക്കും.
ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പായുള്ള വാക് പോരാട്ടങ്ങളും പ്രവചനങ്ങളും പതിവ് പോലെ ഇത്തവണയും സജീവമാണ്. ഇന്ത്യയുടെ താരനിരയാണ് താരതമ്യേനെ ശക്തരെങ്കിലും പാകിസ്താനൊപ്പം ഇന്ത്യയെ വിറപ്പിക്കാനുള്ള താരങ്ങളുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഉറക്കം കെടുത്താല്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബാബര്‍ ആസം
പാകിസ്താന്‍ നായകനും പാക് ഓപ്പണറുമായ ബാബര്‍ ആസം നിലവിലെ ടി20 ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഏഷ്യന്‍ താരമാണ്. മികച്ച ബാറ്റിങ് റെക്കോഡുള്ള അദ്ദേഹം നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. പാകിസ്താന്റെ ബാറ്റിങ്ങിലെ വലിയ പ്രതീക്ഷയാണ് അദ്ദേഹം. ഇന്ത്യയുടെ ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ ബാബറിന് സാധിച്ചേക്കും. ഈ വര്‍ഷം 14 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 523 റണ്‍സാണ് ബാബര്‍ നേടിയത്. 37.36 ശരാശരിയില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 132.74. ഒരു തവണ പൂജ്യത്തിനും പുറത്തായി.

മുഹമ്മദ് റിസ്വാന്‍
പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് മുഹമ്മദ് റിസ്വാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാക് നിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ റിസ്വാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. 2019 മുതല്‍ ബാബറിനോടൊപ്പം ഓപ്പണിങ്ങില്‍ റിസ്വാനുണ്ട്. 15 ഇന്നിങ്‌സില്‍ നിന്ന് 829 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട്. ഈ വര്‍ഷം 11 ഇന്നിങ്‌സില്‍ നിന്ന് 1 സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 397 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 44.11ഉും സ്‌ട്രൈക്കറേറ്റ് 51.23ഉും.

ഷുഹൈബ് മാലിക്ക്
പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെ ഫൈനലിലേക്ക് നയിച്ച നായകനാണ് ഷുഹൈബ് മാലിക്ക്. ഇത്തവണയും പാക് ടീമിനൊപ്പം അദ്ദേഹമുണ്ട്. പരിചയസമ്പന്നനായ മാലിക്ക് ഇന്ത്യക്കെതിരേ മിക്ക സമയത്തും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. സമീപകാലത്തെ പ്രകടനങ്ങളും മികച്ചത്. അതിനാല്‍ ഇന്ത്യ മാലിക്കിനെ കരുതിയിറങ്ങണം.ഇന്ത്യക്കെതിരേ 42 മത്സരം കളിച്ച അദ്ദേഹം 1782 റണ്‍സും 22 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ എട്ട് ടി20യില്‍ നിന്ന് നേടിയത് 164 റണ്‍സ്. പാക് ജഴ്‌സിയില്‍ 116 ടി20 മത്സരം കളിച്ച അദ്ദേഹം 2300ലധികം റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് മത്സരം മാത്രമാണ് പാകിസ്താനായി കളിച്ചത്.

മുഹമ്മദ് ഹഫീസ്
മുന്‍ പാക് നായകനും ഓപ്പണറുമായ മുഹമ്മദ് ഹഫീസിന് ഇത്തവണ മധ്യനിരയിലാവും സ്ഥാനം. ഓള്‍റൗണ്ടറായ ഹഫീസ് വലിയ പരിചയസമ്പത്തുള്ള താരമാണ്. ഇന്ത്യക്കെതിരേ ഏഴ് ടി20യില്‍ നിന്ന് 156 റണ്‍സാണ് അദ്ദേഹം നേടിയത്. പാകിസ്താനായി 113 ടി20യില്‍ നിന്ന് 2400 ലധികം റണ്‍സും 60 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 29 ടി20യില്‍ പാകിസ്താനെ അദ്ദേഹം നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 ടി20യില്‍ നിന്ന് 415 റണ്‍സ് നേടി ഹഫീസ് ഞെട്ടിച്ചിരുന്നു.

ഷഹിന്‍ ഷാ അഫ്രീദി
ഇന്ത്യ ഏറ്റവും കരുതിയിരിക്കേണ്ടത് യുവ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയെയാണ്. മികച്ച വേഗവും നിയന്ത്രണവുമുള്ള ഷഹീന്‍ യുഎഇയില്‍ മത്സരം കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ്. 20 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ താരത്തിന്റെ സമ്പാദ്യം. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ അദ്ദേഹത്തിനാവും. പാക് ജഴ്‌സിയില്‍ 28 മത്സരത്തില്‍ നിന്ന് 53 വിക്കറ്റ് അദ്ദേഹം നേടി. അതും 5.52 എന്ന മികച്ച ഇക്കോണമിയില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications