T20 World Cup 2021: കംഗാരുക്കളെ വീഴ്ത്താന്‍ ശ്രീലങ്ക, അട്ടിമറി സാധ്യതകള്‍ സജീവം
ദുബായ്: ടി20 ലോകകപ്പില്‍ നാളെ (28-10-2021) നാളെ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ വരവ്. കണക്കുകളിലും താരസമ്പന്നതയിലും ഓസീസ് മുന്നിലാണെങ്കിലും ശ്രീലങ്കയെ എഴുതിത്തള്ളാനാവില്ല. എന്നാല്‍ പഴയ പ്രതാപത്തിന്റെ ഏഴയലത്ത് എത്താന്‍ പോലും ഇന്നത്തെ ശ്രീലങ്കന്‍ നിരക്കാവുന്നില്ല.
2014ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണ യോഗ്യതാ മത്സരം കളിച്ചാണ് ലോകകപ്പിലേക്കെത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായ ശ്രീലങ്കക്ക് കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ജയം എളുപ്പമാവില്ല. കരുത്തുറ്റ താരനിരയാണ് ഓസ്‌ട്രേലിയക്കൊപ്പമുള്ളത്. എന്നാല്‍ നിലവിലെ ഫോം ചെറിയ തലവേദനയാണ്. ഫോമിലേക്കെത്തിയാല്‍ ഇത്തവണ മരണഗ്രൂപ്പില്‍ നിന്ന് കപ്പടിക്കാന്‍ സാധ്യതയുള്ള ടീമാണ് ഓസ്‌ട്രേലിയ.

നേര്‍ക്കുനേര്‍ കണക്ക്
ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കില്‍ രണ്ട് ടീമും തുല്യരാണ്. 16 മത്സരത്തിലാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ എട്ട് മത്സരങ്ങള്‍ വീതം ജയിക്കാന്‍ രണ്ട് ടീമുകള്‍ക്കുമായി. എന്നാല്‍ ഇന്നത്തെ ശ്രീലങ്കന്‍ നിരയുടെ കരുത്ത് പഴയ ടീമിന്റെ പകുതിപോലും വരില്ല. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, തിലകര്തന ദില്‍ഷന്‍, ലസിത് മലിംഗ എന്നിവരൊക്കെ കളിച്ചിരുന്ന സമയത്ത് ശ്രീലങ്കയുടെ ടി20 നിര ഏത് ടീമിനും വലിയ വെല്ലുവിളിയായിരുന്നെങ്കിലും ഇന്നത്തെ ടീമിനെക്കൊണ്ട് അത് സാധിക്കുമെന്ന് സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ തോന്നുന്നില്ല.

തല്ലിത്തകര്‍ക്കാന്‍ ഓസീസ്
ഓസ്‌ട്രേലിയന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയുണ്ട്. എന്നാല്‍ ആര്‍ക്കും ഫോമില്ലെന്നതാണ് വസ്തുത. ആരോണ്‍ ഫിഞ്ച്-ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് കൂട്ടുകെട്ട് ഫോമിലേക്കെത്തിയാല്‍ ഓസ്‌ട്രേലിയയുടെ വലിയ ആശങ്കക്ക് വിരാമമാവും. വാര്‍ണര്‍ ഏറെ നാളുകളായി മോശം ഫോമിലാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് പാതിവഴിയില്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
ഫിഞ്ച് ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുന്നതും താരത്തെ ബാധിച്ചിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് മൂന്നാം നമ്പറില്‍ വെടിക്കെട്ട് നടത്തേണ്ടതായുണ്ട്. സ്റ്റീവ് സ്മിത്തിന് ടീമില്‍ ആംഗര്‍ റോളാണെങ്കിലും സ്‌ട്രൈക്കറേറ്റ് താഴാതെ ശ്രദ്ധിക്കണം. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മികച്ച ഫോം ടീം ഉപയോഗിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ ആറ് അര്‍ധ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ മാക്‌സ് വെല്ലില്‍ ടീം പ്രതീക്ഷവെക്കുന്നു. മധ്യനിരയില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും മാത്യു വേഡുമെല്ലാം ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്.
ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും പാറ്റ് കമ്മിന്‍സ് തല്ലുവാങ്ങുന്നു. ആദം സാംബ, ആഷ്ടന്‍ അഗര്‍ എന്നീ മികച്ച സ്പിന്നര്‍മാരും ഓസീസ് നിരയിലുണ്ട്. ടീമിന് ഒത്തിണക്കത്തോട് കളിച്ച് ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണിത്. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ മത്സരത്തിന് മുമ്പ് ടീമിലെ എല്ലാ താരങ്ങള്‍ക്കും ഫോം കണ്ടെത്താനുള്ള മത്സരമായി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തെ പ്രയോജനപ്പെടുത്തേണ്ടതായുണ്ട്.

പ്രതീക്ഷയോടെ ശ്രീലങ്ക
ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെക്കാനുറച്ചാവും ശ്രീലങ്കയുടെ വരവ്. കുശാല്‍ പെരേര, ചരിത് അസലങ്ക, പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, നായകന്‍ ദസുന്‍ ഷണക എന്നിവരെല്ലാം പ്രതിഭാശാലികളായ താരങ്ങളാണ്. ടീം വലിയ പ്രതീക്ഷ വെക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് വനിന്‍ഡു ഹസരങ്ക. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിനാവുന്നില്ല. സീനിയര്‍ താരങ്ങളുടെ അഭാവം ശ്രീലങ്കന്‍ നിരയിലുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവും ശ്രീലങ്കയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. എങ്കിലും അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാനാവില്ല. മരണ ഗ്രൂപ്പായതിനാല്‍ ഓരോ ജയവും പ്രധാനമാണെന്നിരിക്കെ ഓസ്‌ട്രേലിയയെ ഞെട്ടിക്കാന്‍ ശ്രീലങ്കയ്ക്കാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications