T20 World Cup: ന്യൂസീലന്‍ഡ് ബാറ്റിങ് നിര പോരാ, അഫ്ഗാന്‍ അട്ടിമറിച്ചേക്കും- പ്രവചിച്ച് അഗാര്‍ക്കര്‍
മുംബൈ: ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി എത്തിയ ഇന്ത്യ സെമി കാണാതെ പുറത്തുപോകുമോയെന്ന് നാളെയറിയം. ന്യൂസീലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാവും ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ആര് സെമിയിലെത്തുമെന്ന് തീരുമാനിക്കുക. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ന്യൂസീലന്‍ഡ് സെമിയില്‍ കടക്കും. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമിയില്‍ കടക്കും. വലിയ ജയം നേടി ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും മറികടന്ന് സെമിയിലെത്താനുള്ള അവസരവും അഫ്ഗാനുണ്ട്.
കണക്കുകളില്‍ ന്യൂസീലന്‍ഡിന് മേല്‍കൈയുണ്ട്. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ന്യൂസീലന്‍ഡിനെ അതിശക്തരെന്ന് വിളിക്കാനാവില്ല. ബാറ്റിങ് നിരയില്‍ ആരും തന്നെ ഫോമിലല്ലെന്ന് പറയാം. അതിനാല്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. റാഷിദ് ഖാന്‍,മുഹമ്മദ് നബി എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിര അഫ്ഗാനൊപ്പമുണ്ട്. ഭാഗ്യം തുണച്ചാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ അഫ്ഗാനേയ്ക്കും.

ഇപ്പോഴിതാ ന്യൂസീലന്‍ഡിനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. 'ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാനുള്ള സാധ്യതയുണ്ട്. മികച്ച ബൗളര്‍മാരും പ്രതിഭാശാലികളായ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. ഉച്ചകഴിഞ്ഞുള്ള മത്സരം ആയതിനാല്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാനായേക്കും. ന്യൂസീലന്‍ഡിന്റെ ബാറ്റിങ് അതിശക്തമാണെന്ന് കരുതുന്നില്ല. അവസാന രണ്ട് മത്സരത്തിലും വളരെ പ്രയാസപ്പെട്ടാണ് ന്യൂസീലന്‍ഡ് ജയിച്ചത്. അതിനാല്‍ അഫ്ഗാനിസ്ഥാന്‍ നന്നായി പന്തെറിഞ്ഞാല്‍ ന്യൂസീലന്‍ഡിനെ പ്രയാസപ്പെടുത്താനാവും.

നേര്‍ക്കുനേര്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ന്യൂസീലന്‍ഡ് കാട്ടുന്നത്. ഡെവോന്‍ കോണ്‍വെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസന്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനാവുന്നില്ല. ബൗളര്‍മാരുടെ മികവിലാണ് ടീമിന്റെ കുതിപ്പ്. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി, ആദം മില്‍നെ, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി എന്നിവരെല്ലാം മികച്ച ബൗളിങ് പ്രകടനം നടത്തുന്നവരാണ്.

ഈ ബൗളിങ് മികവിലാണ് ടീം ഇതുവരെയെത്തിയത്. അബുദാബിയിലാണ് മത്സരം. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചാണെങ്കിലും സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോള്‍ കാട്ടാനാവും.ഇന്ത്യക്കെതിരേ മോശം ഫോമിലായിരുന്ന റാഷിദ് ഖാന്റെ തിരിച്ചുവരവാണ് അഫ്ഗാന് വേണ്ടത്. പവര്‍പ്ലേയ്ക്കുള്ളില്‍ കിവീസിന്റെ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്താനായാല്‍ ടീം സമ്മര്‍ദ്ദത്തിലാവും. അഫ്ഗാന്റെ വിജയം ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചാവും. ബൗളര്‍മാര്‍ക്ക് തിളങ്ങാനായാല്‍ ടീമിന്റെ വിജയ സാധ്യതയും ഉയരും.
അനുഭവസമ്പന്നരായ ന്യൂസീലന്‍ഡ് നിര്‍ണ്ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പതിവുള്ളവരാണ്. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. അതിനാല്‍ ന്യൂസീലന്‍ഡിന് വ്യക്തമായ മുന്‍തൂക്കം മത്സരത്തിലുണ്ട്. എന്നാല്‍ ഭാഗ്യം അഫ്ഗാനൊപ്പം നിന്നാല്‍ ന്യൂസീലന്‍ഡിന് മറക്കാനാവാത്ത ലോകകപ്പായി ഇത് മാറിയേക്കും.

അവസാന മത്സരത്തില്‍ ഇന്ത്യയോട് അഫ്ഗാനിസ്ഥാന്‍ 66 റണ്‍സിനാണ് തോറ്റത്. ബൗളര്‍മാരുടെ മോശം പ്രകടനമാണ് അഫ്ഗാനെ ചതിച്ചത്. അഫ്ഗാന്റെ ഓപ്പണര്‍മാര്‍ ക്ലിക്കാവുകയും പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയും ചെയ്താല്‍ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മുഹമ്മദ് നബിക്ക് സാധിച്ചേക്കും. വാലറ്റം അല്‍പ്പം കൂടി മികവ് ബാറ്റുകൊണ്ട് കാട്ടേണ്ടതും അഫ്ഗാനിസ്ഥാന് നിര്‍ണ്ണായകമാണ്.
ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും മറികടന്ന് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ വെല്ലുവിളി നടത്തിയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ന്യൂസീലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനലാണെന്നാണ് റാഷിദ് പറഞ്ഞത്. 'ന്യൂസീലന്‍ഡിനെതിരായ മത്സരം ഞങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലാണ്. ഞങ്ങള്‍ മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ ഞങ്ങള്‍ സെമിയിലെത്തുമെന്ന് അറിയാം. അതിനാല്‍ കളത്തിലിറങ്ങി ഞങ്ങളുടെ കഴിവിനെ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. എത്രത്തോളം നിങ്ങള്‍ മത്സരത്തെ ആസ്വദിക്കുന്നുവോ അത്രത്തോളം മികച്ച പ്രകടനം നടത്താനും സാധിക്കും'- റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications