മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന് സ്വന്തം നാട്ടില്‍ രാജകീയ സ്വീകരണം. ട്വന്റി 20 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്തായി നാട്ടിലെത്തിയ അഫ്ഗാന്‍ താരങ്ങള്‍ക്ക് കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും തോറ്റെങ്കിലും മികച്ച പ്രകടനമാണ് അഫ്ഗാന്‍ പുറത്തെടുത്തത്.
ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ ആദ്യജയമാണ് അഫ്ഗാനിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയത്. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 123 റണ്‍സ് വരെ എത്താനേ പറ്റിയുളളൂ. എന്നാല്‍ നാലോവറില്‍ 9 റണ്‍സിന് 1 വിക്കറ്റ് വീഴ്ത്തിയ അമിര്‍ ഹംസയുടെ മികവില്‍ അഫ്ഗാന്‍ തിരിച്ചടിച്ചു. ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും ജയിച്ച വെസ്റ്റ് ഇന്‍ഡീസിനെ ആറ് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വീഴ്ത്തിയത്.

ഒരു കളി ജയിച്ചു എന്നത് മാത്രമല്ല, കളിക്കളത്തില്‍ അഫ്ഹാനിസ്ഥാന്‍ കാഴ്ചവെച്ച പോരാട്ടവീര്യവും കാരക്ടറും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. തോറ്റെങ്കിലും രാജാക്കന്മാരെപ്പോലെയാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പോയത്. ശ്രീലങ്ക, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക പോലുള്ള വമ്പന്‍ ടീമുകള്‍ക്ക് പോലും പറ്റാത്ത വിധം ആരാധകരുടെ മനം കവരാന്‍ ഇന്‍സമാം ഉള്‍ഹഖ് പരിശീലിപ്പിക്കുന്ന അഫ്ഗാനിസ്ഥാന് സാധിച്ചു.
ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായ പാകിസ്താന്‍ ടീമിനെ കൂവലോടെയാണ് സ്വന്തം നാട്ടില്‍ ആരാധകര്‍ സ്വീകരിച്ചത്. ക്യാപ്റ്റന്‍ അഫ്രീദിയാകട്ടെ നാട്ടിലേക്ക് പോകാതെ ദുബായില്‍ തങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്രിദീയുടെ ക്യാപ്റ്റന്‍ സ്ഥാനം വൈകാതെ തെറിക്കാനാണ് സാധ്യത. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തോറ്റ പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് ജയിച്ചത്.