ലോകകപ്പിൽ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലാണ്. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ അക്‌സർ പട്ടേലിന് പകരം വാഷിംഗ്‌ടൺ സുന്ദറിനെ ഇലവനിൽ ഉൾപ്പെടുത്തിയതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കൽട്ടൺ, ഡേവിഡ് മില്ലർ എന്നിവരുൾപ്പെടെ ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് ഇടങ്കയ്യൻ ബാറ്റർമാർ ഉണ്ടായിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
ഇപ്പോഴിതാ സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരത്തിന് മുന്നോടിയായി, മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ഗൗതം ഗംഭീറിനെ കടുത്ത രീതിയിൽ വിമർശിക്കുകയാണ്. സുന്ദറിന്മേലുള്ള അമിതാശ്രയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബാറ്റിംഗിലായാലും ബൗളിംഗിലായാലും ഓൾറൗണ്ടർ സുന്ദർ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി എന്ന് മഞ്ജരേക്കർ പരിഹസിച്ചു.

സുന്ദറിന് മത്സരത്തിൽ ഒരു ഓവർ മാത്രമാണ് ബൗൾ ചെയ്യാൻ അവസരം ലഭിച്ചത്. അതിൽ 11 റൺസ് വഴങ്ങുകയും ചെയ്‌തു. ഫോമിലുള്ള ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവരെക്കാൾ മുന്നോട്ട് വാഷിംഗ്‌ടൺ സുന്ദറിനെ ബാറ്റിംഗ് ഓർഡറിൽ കയറ്റിയതിനെയും സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. ടീമിന്റെ വലിയ തോൽവിയാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്.
'കൈലാസ് ജീവൻ എന്നൊരു മരുന്നുണ്ടായിരുന്നു പണ്ടുകാലത്ത്. തലവേദനയാണെങ്കിൽ അത് പുരട്ടും, വയറുവേദനയാണെങ്കിൽ കഴിക്കും. എല്ലാ രോഗങ്ങൾക്കുമുള്ള ഒരൊറ്റമൂലി. ഗൗതം ഗംഭീറിനും എല്ലാ പ്രശ്‌നങ്ങൾക്കും വാഷിംഗ്‌ടൺ സുന്ദർ എന്ന ഒരൊറ്റ പരിഹാരമുള്ളത് പോലെയാണ് തോന്നുന്നത്' മഞ്ജരേക്കർ പരിഹസിച്ചു.
'ബാറ്റിംഗിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ വാഷി ഉത്തരമാണ്. ബൗളിംഗിൽ പ്രശ്‌നമുണ്ടെങ്കിൽ അതും വാഷി തന്നെ. അവനെ ഇന്ന് ആറാമത്തെയോ ഏഴാമത്തെയോ സ്ഥാനത്തേക്ക് കയറ്റിവിട്ടു, റിങ്കുവിനെക്കാളും മുന്നിൽ... അത് ഒരുപാട് കൂടുതലായിപ്പോയി' ബാറ്റിംഗ് ഓർഡറിലെയും ടീം സെലക്ഷനിലെയും വീഴ്‌ചകൾ ചൂണ്ടിക്കാട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ വിക്കറ്റുകൾ നഷ്‌ടപ്പെട്ടിട്ടും ഇന്ത്യൻ ബാറ്റർമാർ ഉത്തരവാദിത്തം കാണിക്കാനോ കണക്കുകൂട്ടിയുള്ള ആക്രമണം നടത്താനോ ശ്രമിച്ചില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. 20/3 നിലയിൽ വീണിട്ടും ദക്ഷിണാഫ്രിക്ക നടത്തിയ പോരാട്ടത്തെയും അദ്ദേഹം ഓർമ്മിപ്പിച്ചു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 111 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
അക്‌സറിന്റെ കാര്യത്തിൽ നേരത്തെയും വിമർശനം ഉയർന്നിരുന്നു. മധ്യ ഓവറുകളിൽ മികച്ച പ്രകടനവും ഇടങ്കയ്യൻ ബാറ്റർമാർക്കെതിരെ നല്ല റെക്കോർഡുമുള്ള അക്‌സർ കഴിഞ്ഞ മത്സരത്തിൽ ടീമിലുണ്ടായിരുന്നില്ല. എന്നാൽ, അഞ്ച് വലങ്കയ്യൻ ബാറ്റർമാരുള്ള സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ അക്‌സർ തിരിച്ചെത്തിയേക്കും എന്നാണ് വിലയിരുത്തൽ.
അതേസമയം, ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങളും ജയിച്ച് തോൽവി അറിയാതെ എത്തിയ ഇന്ത്യൻ ടീമിന്റെ സകല ആത്മവിശ്വാസവും തകർത്തുകൊണ്ടാണ് ദക്ഷിണാഫ്രിക്ക വമ്പൻ ജയം നേടിയത്. ഇനി ഇന്ത്യക്ക് സെമിയിൽ എത്തണമെങ്കിൽ ജയം മാത്രം പോരാ, മറ്റ് ടീമുകളുടെ ഫലവും ആശ്രയിക്കേണ്ടി വരും. സിംബാബ്‌വെ, വെസ്‌റ്റ് ഇൻഡീസ് ടീമുകളെ വൻ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ.