ടി20 ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഡാനിഷ് കനേരിയ. 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ആദ്യ രണ്ട് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്‌ടപ്പെട്ടിരുന്നു. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ബാബർ അസമിന്റെ വിക്കറ്റ് കൂടി വീണതോടെ പാകിസ്ഥാന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഒടുവിൽ 114 റൺസിന് ഓൾ ഔട്ടായ അവർ വീണ്ടും ഒരിക്കൽ കൂടി ഇന്ത്യക്ക് മുൻപിൽ അടിയറവ് പറഞ്ഞതിന് പിന്നാലെയാണ് കനേരിയയുടെ പരിഹാസം.
"സത്യസന്ധമായി പറഞ്ഞാൽ, മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നത് ഇത്രയും നാണക്കേടായിരിക്കില്ലായിരുന്നു" എന്നാണ് ഈ പരാജയത്തെ തുടർന്ന് കനേരിയ തന്റെ 'എക്‌സ്' പേജിൽ കുറിച്ചത്. നേരത്തെ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് സർക്കാർ നിർദ്ദേശപ്രകാരം വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐസിസിയുമായുള്ള ചർച്ചകൾക്ക് ശേഷം അവർ ആ നിലപാട് മാറ്റി.

അതിനെയാണ് ഡാനിഷ് കനേരിയ വിമർശിച്ചത്. സമാനമായി ഷാഹിദ് അഫ്രിദിയും സംസാരിച്ചിരുന്നു. ടീമിലെ സീനിയർ കളിക്കാർക്കെതിരെയാണ് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ബാബർ അസം, ഷഹീൻ അഫ്രീദി, ഷാദാബ് ഖാൻ എന്നിവരെ ടി20 ലോകകപ്പിന്റെ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
തുടർച്ചയായ പരാജയങ്ങളുടെ പാതയിൽ നിന്ന് മാറി യുവതലമുറയ്ക്ക് അവസരം നൽകേണ്ട സമയം അതിക്രമിച്ചുവെന്ന് മുൻ പാക് നായകൻ അഭിപ്രായപ്പെട്ടു. പതിവ് തെറ്റായ നീക്കങ്ങൾ അവസാനിപ്പിച്ച്, ഭാവിക്ക് വേണ്ടി പുതിയൊരു ടീമിനെ വാർത്തെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ ഇന്ത്യക്കെതിരായ മോശം പ്രകടനത്തെ തുടർന്നായിരുന്നു ഈ വിമർശനം.
പാകിസ്ഥാൻ ടീമിൽ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഷഹീൻ അഫ്രീദി, ബാബർ അസം, ഷദാബ് ഖാൻ എന്നിവർക്ക് വിശ്രമം നൽകി യുവതാരങ്ങളെ കളിപ്പിക്കുമായിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ യുവനിരയെ പൂർണമായി പിന്തുണച്ച്, ആത്മവിശ്വാസം നൽകി മുന്നോട്ട് കൊണ്ടുപോകണമെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
മൂന്നാം ലീഗ് ഘട്ട മത്സരത്തിന് മുൻപ് ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പിൽ അജയ്യരായിരുന്നു. ഇഷാൻ കിഷന്റെ 40 പന്തിലെ 77 റൺസിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 175 റൺസിന്റെ മികച്ച സ്കോർ നേടുകയായിരുന്നു. മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് ആർക്കും വലിയ സംഭാവന നൽകാനായില്ല. ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞ് പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി വിജയം ഉറപ്പാക്കി.
പാകിസ്ഥാനെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ 8-ലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. 6 പോയിന്റും +3.050 നെറ്റ് റൺറേറ്റുമായി അവർ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ഫെബ്രുവരി 18ന് നെതർലൻഡ്‌സിനെതിരെയാണ് അവരുടെ അവസാന ലീഗ് ഘട്ട മത്സരം. പാകിസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, സൂപ്പർ 8 യോഗ്യത നേടാനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.