മുംബൈ: മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ കളത്തിലിറങ്ങുന്നു.. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍. താരതമ്യേന അനുഭവ സമ്പത്ത് കുറവാണെങ്കിലും യു.എസ്.എ ഒരിക്കലും ഒരു ചെറിയ ടീമല്ല.
ഏത് വലിയ ടീമിനെയും അട്ടിമറിക്കാന്‍ കഴിവുള്ള ഇലവന്‍ തന്നെയാണ് അവര്‍ക്കുള്ളത്. സന്നാഹ മത്സരങ്ങളില്‍ അവര്‍ പുറത്തെടുത്ത വാശിയേറിയ പോരാട്ട വീര്യം ഇതിന് ഉദാഹരണമാണ്. പുതിയ ടീമുകള്‍ക്ക് വളര്‍ന്നു വരാന്‍ വളക്കൂറ് കുറഞ്ഞ മണ്ണായ ക്രിക്കറ്റിന്റെ ടെറിട്ടറിയില്‍ യു.എസ്.എ വ്യത്യസ്തരാണ്. അതിന് തെളിവായി പല കണക്കുകളും നമുക്ക് മുന്നിലുണ്ട്.

ഇന്ത്യ എയെ വിറപ്പിച്ചു
ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ 238 റണ്‍സ് പിന്തുടര്‍ന്ന യു.എസ്.എ 200 റണ്‍സ് അടിച്ചെടുത്തു. അതേസമയം മറ്റൊരു സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ യു.എസ്.എ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 201 റണ്‍സാണ്.
2026 ടി20 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ ഇന്ത്യയ്‌ക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയും താരതമ്യേന വളരെ ചെറിയ ടീമായ യു.എസ്.എ വിജയത്തിനരികെയാണ് വീണുപോയത്. എന്നാല്‍, ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെയല്ല യു.എസ്.എ പോരാടിയത് എന്നത് കാണേണ്ട വിഷയമാണ്.
ആയുഷ് ബദോനിയാണ് യു.എസ്.എയ്‌ക്കെതിരെ ഇന്ത്യ എയെ നയിച്ചത്. തിലക് വര്‍മയൊഴിച്ച് മറ്റ് കളിക്കാര്‍ ആരും തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയവരായിരുന്നില്ല. ആയുഷ് ബദോനിയെയും സംഘത്തെയും വിറപ്പിച്ച യു.എസ്.എയ്ക്ക് ഏവരുടെയും ഹോട്ട് ഫേവറേറ്റുകളായ സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോ എന്നത് ചോദ്യ ചിഹ്നം തന്നെയാണ്.
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളിലെത്തന്നെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ തിളങ്ങിയതോടെ സഞ്ജു സാംസണിന്റെ സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു. പരിക്കില്‍ നിന്നും പുറത്തുകടന്ന തിലക് വര്‍മ്മയും ഫോം തിരിച്ചുപിടിച്ച സൂര്യകുമാര്‍ യാദവും അപകടകാരികളാണ്.
ആരെയും ഭയക്കാതെ ബാറ്റ് വീശുന്ന ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങും എത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് സന്തുലിതമാകുന്നു. ബുംറയും അര്‍ഷദീപും വരുണ്‍ ചക്രവര്‍ത്തിയും അടങ്ങുന്ന ബൗളിങ് നിരയും ആരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ളതാണ്. ബാറ്റിങ്ങിന് അനുകൂലമായ വാംഖഡെയിലെ പിച്ച് ആരെ തുണയ്ക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.
അമേരിക്കയുടെ ലോകകപ്പ് സ്‌ക്വാഡ്
മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍) ജെസ്സി സിംഗ്, ആന്‍ഡ്രീസ് ഗൗസ്, ഷെഹന്‍ ജയസൂര്യ, മിലിന്ദ് കുമാര്‍, ഷയാന്‍ ജഹാംഗീര്‍, സൈതേജ മുക്കാമല, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഹര്‍മീത് സിംഗ്, നൊസ്തുഷ് കെഞ്ചിഗെ, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്‍, മുഹമ്മദ് രഞ്ജനേ.