വലിയ കോലാഹലങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ 2026 ടി-20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം നടക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ് ഐസിസി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോടുള്ള (BCB) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം തുടക്കത്തില്‍ പാകിസ്ഥാന്‍ എടുത്ത വിവാദപരമായ തീരുമാനത്തെത്തുടര്‍ന്നുള്ള അനിശ്ചിതത്വം ഏകദേശം 10 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷകളും ഇരട്ടിയായിരിക്കുന്നു. മറ്റൊരു ഇന്ത്യ - പാക് പോരാട്ടം കൂടി പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാം.

ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയും ആറാം സ്ഥാനത്ത് തുടരുന്ന പാകിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സ്വാഭാവികമായും മേല്‍ക്കൈ ഇന്ത്യയ്ക്ക് തന്നെയാണ്. നായകന്‍ സൂര്യകുമാര്‍ യാദവടക്കം ടീമിലെ ഓരോരുത്തരും മത്സരിച്ച് കളിക്കുന്ന ടീമിനെ പിടിച്ചു കെട്ടുക എന്നത് പാക് നിരയ്ക്ക് അത്ര എളുപ്പമുള്ള കാര്യമാകില്ല.
അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്നാല്‍ പിറക്കാന്‍ സാധ്യതയുള്ള ഓപ്പണിങ് വെടിക്കെട്ടിന്റെ പ്രഹരം പ്രവചനാതീതമാണ്. ഐസിസി മെന്‍സ് ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള അഭിഷേക് ശര്‍മ്മയുടെയും രണ്ടാമതുള്ള ഫില്‍ സാള്‍ട്ടിന്റെയും പോയിന്റിലെ വ്യത്യാസം തന്നെ വിളിച്ചു പറയുന്നുണ്ട്, അഭിഷേക് എത്ര അപകടകാരിയാണ് എന്ന്. എന്നാല്‍, കടുത്ത പനി അഭിഷേകിനെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.
പാകിസ്ഥാനെതിരായ മത്സരത്തിന് ഇനിയും അഞ്ച് ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട് എന്നത് അക്കാര്യത്തില്‍ ആശ്വാസകരമാണ്. ഇനി അഭിഷേകിന് ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ആ പൊസിഷനില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്ന ചോദ്യവും ആരാധകര്‍ക്കിടയിലുണ്ട്. എന്തായാലും പന്ത്രണ്ടാം തിയതി നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ ചിത്രം വ്യക്തമാകേും.
മൂന്നാമനായി ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ്മയും അപകടകാരിയാണ്. റാങ്കിങ്ങില്‍ നാലാമതാണ് തിലക്. തന്റെ പ്രതാപകാലത്തെ ഇന്നിങ്‌സുകളെ ഓര്‍മ്മിപ്പിക്കും വിധം സൂര്യകുമാര്‍ യാദവ് യുഎസ്എയ്‌ക്കെതിരെ ബാറ്റ് വീശിയത് ചെറിയ ആശ്വാസമല്ല ടീം ഇന്ത്യയ്ക്ക് പകരുന്നത്. ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വരുണ്‍ ചക്രവര്‍ത്തിയാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട്.
മിസ്റ്ററി സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള വരുണ്‍ പാക് നിരയെ വെളളം കുടിപ്പിക്കാനിടയുണ്ട്. അര്‍ഷദീപും തിരിച്ചുവരവ് നടത്തിയ സിറാജും ടോപ് ഫോമിലാണ്. ഇവര്‍ക്കൊപ്പം ബുംറയും ചേരുമ്പോള്‍ ഇന്ത്യന്‍ നിര ഏതൊരു കാലത്തും ഭയപ്പാടോടെ നോക്കിക്കാണാന്‍ കെല്‍പ്പുള്ള ഒരു അതിഗംഭീര ടീമായി മാറുകയാണ്.

പേപ്പറിലും കളത്തിലും ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം എങ്കിലും പാകിസ്ഥാനെ പൂര്‍ണമായും എഴുതി തള്ളാനും സാധിക്കില്ല. അബ്രാര്‍ അഹമദും മുഹമ്മദ് നവാസും ഷഹീന്‍ അഫ്രീദിയും ചേരുന്ന ബൗളിങ് നിര ശക്തമാണ്.
2024 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 119 എന്ന ചെറിയ ടോട്ടല്‍ ചേസ് ചെയ്യാന്‍ പോലും പാകിസ്ഥാന് സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ 10 വിക്കറ്റുകളും പിഴുതെറിഞ്ഞ് അവരെ വെള്ളം കുടിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. എല്ലാ കാലത്തും പ്രതാപത്തോടെ നില്‍ക്കാറുള്ള പാക് ബൗളിങ് എന്ന പേടിസ്വപ്‌നം അവരെ തുണയ്ക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ബാറ്റിങ്ങില്‍ പാകിസ്ഥാന്റെ തുറുപ്പുചീട്ട് ഷഹിബ്‌സാദാ ഫര്‍ഹാനാണ്. ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ള ഏക പാക് ബാറ്റ്‌സ്മാനാണ് ഫര്‍ഹാന്‍. കഴിഞ്ഞ ഏഷ്യ കപ്പിലടക്കം ഇന്ത്യക്കെതിരെ ഫര്‍ഹാന്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു.
പിന്നെയുള്ളത് പരിചയ സമ്പന്നരായ ബാബര്‍ അസമും ഫഖര്‍ സമാനുമാണ്. ഇരുവരും ഇപ്പോള്‍ ഫോം ഔട്ടിലാണെങ്കിലും തിരിച്ചുവരാന്‍ സാധ്യതയുള്ള താരങ്ങള്‍ തന്നെയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെയുള്ള മേല്‍ക്കെ ഇന്ത്യ തുടരുമോ, അതോ വലിയൊരു അട്ടിമറി നടത്താന്‍ പാകിസ്ഥാന് സാധിക്കുമോ എന്നെല്ലാം അറിയാന്‍ ഫെബ്രുവരി 15 വരെ കാത്തിരിക്കാം.