ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ എട്ടിലേക്ക് രാജകീയമായി തന്നെ പ്രവേശിച്ചിരിക്കുകയാണ്. പാകിസ്ഥാനെതിരായ വമ്പൻ ജയത്തിൽ ഉപരി ഏകപക്ഷീയമായ മത്സരങ്ങൾ ആയിരുന്നില്ല യുഎസ്എ, നെതർലാൻഡ്‌സ് എന്നീ ടീമുകൾക്ക് എതിരെ നടന്നവ എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഒരുപക്ഷെ സൂപ്പർ എട്ട് ഉറപ്പിച്ചതിനാൽ ഇന്ത്യ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ നിന്നതാവാമെന്നാണ് പലരും കരുതുന്നത്.
എന്നാൽ ഈ മത്സരത്തിലും അഭിഷേക് ശർമ്മ ഓപ്പണർ സ്ഥാനത്ത് ദയനീയ പ്രകടനമാണ് കാഴ്‌ച വച്ചത്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് മാറി നിൽക്കേണ്ടി വന്നത് ഒഴിച്ച് നിർത്തിയാൽ അഭിഷേക് ബാക്കി മൂന്ന് മത്സരങ്ങളും കളിച്ചിരുന്നു. അതിൽ മൂന്നിലും സംപൂജ്യനായാണ് താരം മടങ്ങിയതെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

ഇതോടെ ഇപ്പോൾ കാര്യങ്ങൾ സഞ്ജു സാംസണിന് അനുകൂലമായി തിരിഞ്ഞിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇന്നലെ നെതർലൻഡ്‌സിനെതിരെ നടന്ന മത്സരത്തിൽ, അഭിഷേക് ശർമ്മ തുടർച്ചയായി മൂന്നാം തവണയും പൂജ്യത്തിന് പുറത്തായതോടെയാണ് ഈ ചർച്ചകൾ വീണ്ടും ഉയർന്നുവന്നത്.
ടി20 ലോകകപ്പിൽ, യുഎസ്എ, പാകിസ്ഥാൻ എന്നിവയ്ക്കെതിരായ മത്സരങ്ങളിലും അഭിഷേകിന് ഇതുവരെ റൺസൊന്നും നേടാനായിട്ടില്ല. അതേസമയം, അഭിഷേകിന് പകരക്കാരനായി നമീബിയക്കെതിരെ ഒരു അവസരം ലഭിച്ച സഞ്ജു, മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 8 പന്തിൽ 22 റൺസ് നേടി, പിന്നീട് വിക്കറ്റ് നഷ്‌ടപ്പെടുത്തിയെങ്കിലും അത് ഇഷാൻ കിഷന് ഊർജം നൽകി.
ഈ ലോകകപ്പിൽ അഭിഷേകിന്റെ തുടക്കം വളരെ മോശമായിരുന്നു. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഗോൾഡൻ ഡക്കിൽ പുറത്തായ അദ്ദേഹം, പാകിസ്ഥാനെതിരെ റൺ നിരക്ക് കൂട്ടാനുള്ള ശ്രമത്തിൽ മിഡ് ഓണിൽ ക്യാച്ച് നൽകി മടങ്ങി. നെതർലൻഡ്‌സിനെതിരെയും റൺസൊന്നും നേടാതെ മടങ്ങിയപ്പോൾ മൂന്ന് മത്സരങ്ങളിലും ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ പുറത്തായി.
ഇത് പവർപ്ലേയിൽ ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. തുടർച്ചയായ കുറഞ്ഞ സ്കോറുകൾ കാരണം സഞ്ജുവിന് കഴിഞ്ഞ അവസരങ്ങളിൽ പ്ലെയിംഗ് ഇലവനിൽ സ്ഥാനം ഉണ്ടായിരുന്നില്ല. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തിലും കാര്യമായ പ്രകടനം കാഴ്‌ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2026-ൽ കളിച്ച ആറ് ടി20 മത്സരങ്ങളിൽ നിന്ന് 11.33 ശരാശരിയിൽ ആകെ 68 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
എന്നാൽ, ടൂർണമെന്റിന്റെ നിർണായക ഘട്ടമായ സൂപ്പർ 8-ൽ ഇന്ത്യ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്‌റ്റ് ഇൻഡീസ് എന്നിവരുമായി ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ, അഭിഷേകിന്റെ മോശം ഫോം കണക്കിലെടുത്ത് സൂര്യകുമാർ നയിക്കുന്ന ടീം സഞ്ജുവിനെ പ്ലെയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതഏറെയാണെന്നാണ് വിലയിരുത്തൽ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സഞ്ജുവിന്റെ മികച്ച റെക്കോർഡും ടീം മാനേജ്‌മെന്റിന് പരിഗണിക്കാനുള്ള ശക്തമായ കാരണമാണ്. പ്രോട്ടീസിനെതിരെ കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ, 31 വയസുകാരനായ സഞ്ജു 63.25 ശരാശരിയിലും 190.22 സ്ട്രൈക്ക് റേറ്റിലും 253 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ സൂപ്പർ എട്ടിൽ പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.