T20 WC: സൂപ്പർ 8ൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല; മുന്നറിയിപ്പുമായി സെവാഗ്, 'ബൗളിംഗ് ശ്രദ്ധിക്കണം'
ടി20 ലോകകപ്പിന്റെ സൂപ്പർ 8 ഘട്ടം അടുത്തിരിക്കുകയാണ്. ലീഗ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല. വെസ്‌റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. സിംബാംബ്‌വെ ഇന്ത്യയെ പോലെ തന്നെ ഒരു മത്സരം പോലും തോൽക്കാതെയാണ് വന്നിരിക്കുന്നത്. മാത്രമല്ല വിൻഡീസ് അടക്കമുള്ള ടീമുകളെ എഴുതി തള്ളാനും സാധിക്കില്ല.
ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ടീം ഇന്ത്യയുടെ ബൗളിംഗ് കരുത്തിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും അനായാസം ജയിച്ചാണ് സൂപ്പർ 8-ലേക്ക് കടന്നതെങ്കിലും ഏകപക്ഷീയമായ പ്രകടനങ്ങൾ കുറവാണെന്നാണ് പലരുടെയും വിലയിരുത്തൽ.

പാകിസ്ഥാൻ ഉൾപ്പെട്ട ഗ്രൂപ്പ് എ-യിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും, കടുത്ത വെല്ലുവിളികൾ മുന്നിലുണ്ടെന്ന് സെവാഗ് വിലയിരുത്തുന്നു. സൂപ്പർ 8-ൽ ഇതുവരെ ടൂർണമെന്റിൽ തോൽവിയറിയാത്ത ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യക്ക് ആദ്യം നേരിടാനുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ യഥാർത്ഥ കരുത്ത് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
'ഇന്ത്യ ഇതുവരെ വെല്ലുവിളിക്കപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ അൽപം പ്രയാസപ്പെട്ടിരുന്നെങ്കിലും അതിനുശേഷം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. സൂപ്പർ 8-കളിലാണ് യഥാർത്ഥ പരീക്ഷണം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ 193 റൺസ് നേടി, എന്നാൽ 176 റൺസ് വഴങ്ങുകയും ചെയ്‌തു. അതിനാൽ ഇന്ത്യ അവരുടെ ബൗളിംഗ് ശ്രദ്ധിക്കണം' സെവാഗ് പറയുന്നു.
'മികച്ച ബാറ്റിംഗ് നിരയുമായി ഏറ്റുമുട്ടുമ്പോൾ ഈ ബൗളിംഗ് യൂണിറ്റ് എങ്ങനെ പ്രതികരിക്കുകയും ഉപയോഗിക്കപ്പെടുകയും ചെയ്യും?' എന്നായിരുന്നു ക്രിക്ക്ബസിലെ ഒരു ചർച്ചയിൽ സെവാഗ് ചോദിച്ച നിർണായകമായ ചോദ്യം. നേരത്തെയും ഇതേ സംശയം പല പ്രമുഖരും ഉന്നയിച്ചിരുന്നു. ബാറ്റിംഗിലും ഇന്ത്യയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. 193/6 എന്ന സ്കോർ നേടിയ ശേഷം ഡച്ചുകാരെ 176/7-ൽ ഒതുക്കി. ഇതേ ചർച്ചയിൽ, മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മയും ഇന്ത്യയുടെ ബൗളിംഗ് ഘടനയെ, പ്രത്യേകിച്ച് ഡെത്ത് ഓവറുകളിലെ ബൗളിംഗിനെ കുറിച്ചുമൊക്കെ ആശങ്ക പങ്കുവെച്ചു.
'സൂപ്പർ 8-കളിൽ ഇന്ത്യ ഏത് കോമ്പിനേഷനുമായി മുന്നോട്ട് പോകുമെന്നതിൽ ഇപ്പോഴും സംശയമുണ്ട്. എട്ടാം നമ്പറിൽ അക്‌സർ പട്ടേലിനെ പോലുള്ള ഒരു ഓൾറൗണ്ടർ ഉണ്ടെങ്കിൽ, ഡെത്ത് ഓവറിൽ ആരാണ് പന്തെറിയുക? നെതർലൻഡ്‌സിനെ പോലുള്ള ഒരു ടീമിന് ഡെത്ത് ഓവറുകളിൽ ചോദ്യങ്ങൾ ഉയർത്താൻ കഴിയുമെങ്കിൽ, വലിയ വെല്ലുവിളികളാണ് വരുന്നത്' മോഹിത് പറഞ്ഞു.
അതേസമയം, ഫെബ്രുവരി 22-ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് സിംബാബ്‌വെയെ നേരിടാൻ ചെന്നൈയിലേക്കും, വെസ്‌റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിലും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. നിലവിൽ സൂപ്പർ 8 ഒന്നാം ഗ്രൂപ്പിനെ മരണഗ്രൂപ്പ് എന്നാണ് വിളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications