ഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ സഞ്ജു സാംസണിന്റെ ബാറ്റിംഗ് കണ്ട് അമ്പരന്ന് സഹതാരം തിലക് വര്‍മ്മ. നെറ്റ്സില്‍ സഞ്ജു മനോഹരമായി പന്ത് മിഡില്‍ ചെയ്യുന്നത് നോക്കിനിന്ന തിലക്, 'ഷോട്ട് യാര്‍, സഞ്ജു ഭായ്' എന്ന് വിളിച്ച് കൈയടിക്കുന്ന വീഡിയോ ഐസിസി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
അസുഖബാധിതനായ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനെ ഉദരസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും, ടൂര്‍ണമെന്റിന്റെ നിര്‍ണായകമായ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കാന്‍ നമീബിയക്കെതിരായ മത്സരത്തില്‍ മാനേജ്‌മെന്റ് അദ്ദേഹത്തിന് ഇളവ് നല്‍കിയേക്കും.

പരിശീലനത്തിനിടെ സഞ്ജു സാംസണ്‍ മനോഹരമായ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോ കാണാം:
ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡ് സീരീസില്‍ സഞ്ജുവിന് മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരെ നടന്ന അഞ്ച് മത്സരങ്ങളില്‍ നിന്നായി വെറും 46 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതേ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തുലാസിലാവുകയായിരുന്നു. യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് പകരം അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു.
2024ലെ ടി20 ലോകകപ്പ് സ്‌ക്വാര്‍ഡിലും സഞ്ജു സാംസണ്‍ സ്ഥാനം നേടിയിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍, വ്യാഴാഴ്ച നമീബിയക്കെതിരെ കളത്തിലിറങ്ങിയാല്‍ അത് സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരമാകും. പ്രതീക്ഷകള്‍ക്ക് വിപരീതമായി, ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യുഎസ്എ ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 73 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് (49 പന്തില്‍ 84 റണ്‍സ്) രക്ഷിച്ചത്. പിന്നീട് 29 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.
നമീബിയ മത്സരത്തിന് മുന്നോടിയായി സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ് അഭിഷേകിന്റെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'അതെ, വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു, അവന്‍ ഇന്ന് പരിശീലനം നടത്തും. അഭിക്ക് വയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്; ദിവസങ്ങള്‍ക്കകം കളിക്ക് ലഭ്യമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ടെന്‍ ഡോഷേറ്റ് പറഞ്ഞത്.