ടി20 ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടങ്ങൾ ഇന്ന് തുടങ്ങുകയാണ്. ടൂർണമെന്റിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അപരാജിത കുതിപ്പ് തുടരാൻ ലക്ഷ്യമിട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ് ഇന്ന്. അമേരിക്കയെയും നമീബിയയെയും പാകിസ്ഥാനെയും തോൽപ്പിച്ച് സൂപ്പർ എട്ട് ഉറപ്പിച്ച ഇന്ത്യ, നെതർലൻഡ്‌സിനെയും കീഴടക്കി ലീഗ് ഘട്ടം പൂർത്തിയാക്കുകയായിരുന്നു.
ടീമിന്റെ വിജയങ്ങൾക്കിടയിലും ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോം ആശങ്ക ഉയർത്തുകയാണ്. ടൂർണമെന്റിൽ റൺസൊന്നും നേടാനായില്ലെങ്കിലും അദ്ദേഹത്തിന് ടീം മാനേജ്‌മെന്റിന്റെ ശക്തമായ പിന്തുണയുണ്ട്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് നിരയിൽ മാറ്റമുണ്ടാകില്ലെന്നും സഞ്ജു സാംസണിന് അവസരം ലഭിക്കില്ലെന്നും സ്ഥിരീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

'അഭിഷേകിന് പകരം സഞ്ജുവിനെ കളിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അല്ലെങ്കിൽ തിലകിന് പകരമോ? എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. പവർപ്ലേയിൽ ഞങ്ങൾ 40-50 റൺസ് നേടുന്നുണ്ട്. ഇത് സാധാരണ ക്രിക്കറ്റാണ്. ഇത് ചിലപ്പോൾ സംഭവിക്കാറുണ്ട്, ഉഭയകക്ഷി പരമ്പരകളിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. ഇവിടെ വിക്കറ്റുകൾ വ്യത്യസ്‌തമായിരുന്നു. അത് വെല്ലുവിളി നിറഞ്ഞതായിരുന്നു' സൂര്യ പറഞ്ഞു.
നേരത്തെ ഒരു മത്സരമാണ് സഞ്ജു ടൂർണമെന്റിൽ ആകെ കളിച്ചത്. പരിക്കിനെ തുടർന്ന് അഭിഷേകിന്റെ അഭാവത്തിലാണ് നമീബിയയ്‌ക്കെതിരെ സഞ്ജു സാംസണിന് കളിക്കാൻ അവസരം ലഭിച്ചത്. എട്ട് പന്തിൽ 22 റൺസ് നേടിയ അദ്ദേഹത്തിന്, പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തിയതോടെ ടീമിലെ സ്ഥാനം നഷ്‌ടമായി. അതിനിടെ അഭിഷേകിനെ മാറ്റണമെന്നും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യം ശക്തമാണ്.
ലോകകപ്പിന് മുന്നോടിയായി സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ-ബാറ്റർ. പകരക്കാരനായി ഇഷാൻ കിഷനും ടീമിൽ ഇടംനേടി. എന്നാൽ സഞ്ജുവിന്റെ മോശം ഫോം കാരണം ഇഷാൻ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ റോളിലെത്തി. മാത്രമല്ല ഓപ്പണർ സ്ഥാനത്ത് അഭിഷേകിനെയും കടത്തിവെട്ടി മികച്ച ഫോമിലാണ് താരം.
ഐസിസി ടൂർണമെന്റിന് മുമ്പ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ആകെ 46 റൺസ് മാത്രമാണ് നേടാനായത്. ലഭിച്ച അവസരങ്ങൾ നന്നായി മുതലെടുത്ത് ഇഷാൻ കിഷൻ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 53.75 ശരാശരിയിൽ 215 റൺസ് വാരിക്കൂട്ടി. ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ സഞ്ജുവിനെ ഒരു പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയ മാനേജ്‌മെന്റ് പക്ഷേ അഭിഷേകിന്റെ കാര്യത്തിൽ വ്യത്യസ്‌തമായ നിലപാടാണ് കൈക്കൊണ്ടത്. ഇറങ്ങിയ മൂന്ന് മത്സരങ്ങളിലും സംപൂജ്യനായാണ് അഭിഷേക് ശർമ്മ മടങ്ങിയത്. പവർ പ്ലേയിൽ പവർ ഹിറ്ററായ അഭിഷേകിന്റെ വിക്കറ്റ് നഷ്‌ടം ഇന്ത്യക്ക് ഉണ്ടാക്കിയ നഷ്‌ടം ചെറുതായിരുന്നില്ല. എന്നാൽ താരത്തെ കൈവിടില്ലെന്നാണ് സൂര്യകുമാർ നൽകുന്ന സന്ദേശം.