ടി20 ലോകകപ്പില്‍ ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുന്നോടിയായി മത്സരത്തിന്റെ പ്രതീക്ഷകളെക്കുറിച്ച് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ. മത്സരം ബഹിഷ്‌കരിക്കുന്നു എന്ന തങ്ങളുടെ തീരുമാനം പാകിസ്ഥാന്‍ മാറ്റിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം, കൊളംബോയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി.
പാകിസ്ഥാന്‍ ടീമിന്റെ കളിക്കാന്‍ തയ്യാറാണ് എന്ന തീരുമാനത്തെ വളരെ സന്തോഷത്തോടെയാണ് ഇന്ത്യന്‍ ക്യാമ്പ് സ്വീകരിച്ചത്. ഡോഷെ പറഞ്ഞു: 'ആദ്യമേ പറയട്ടെ, ഈ മത്സരം നടക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

കളി നടക്കില്ലെങ്കിലോ എന്നുകരുതി ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടെ തയ്യാറെടുപ്പുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്തെങ്കിലും വഴി തെളിയുമെന്നും കളി നടക്കുമെന്നും ഉള്ള ധാരണയിലായിരുന്നു ഞങ്ങള്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ മുന്നൊരുക്കങ്ങളില്‍ വലിയ മാറ്റങ്ങളൊന്നുമില്ല.'
കൊളംബോയിലെ സാഹചര്യങ്ങളെക്കുറിച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ ജാഗ്രത പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. 'കൊളംബോയിലേക്ക് പോകുന്നത് ഒരു വെല്ലുവിളി തന്നെയാകും. പാകിസ്ഥാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി അവിടെത്തന്നെയുണ്ട്. എന്നിരുന്നാലും വരാനിരിക്കുന്ന മത്സരത്തില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ഇപ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ.
'കഴിഞ്ഞ രണ്ടാഴ്ചയായി കൊളംബോയില്‍ മത്സരങ്ങള്‍ കളിക്കുകയും പ്രാക്ടീസ് നടത്തുകയും ചെയ്യുന്നതിനാല്‍ പാകിസ്ഥാന്‍ ടീമിന് അവിടുത്തെ പിച്ചുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സാധിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം സമ്മതിച്ചു.
കളിക്കളത്തിന് പുറത്തെ ചര്‍ച്ചകളെക്കുറിച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ വ്യക്തമായ നിലപാട് അറിയിച്ചു: 'ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം.'
പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എതിരാളികള്‍ കൂടുതല്‍ കരുത്തരാകുമ്പോള്‍ അത് ഇന്ത്യന്‍ ടീമിന്റെ കളി മികവിനെ കൂട്ടുകയേ ചെയ്യുകയുള്ളൂ.
ഞങ്ങളുടെ ബൗളര്‍മാര്‍ ഇതുവരെ അവരുടെ പൂര്‍ണ്ണ ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. യുഎസ്എയ്ക്കെതിരായ മത്സരം മികച്ചതായിരുന്നു എന്ന് പറയാമെങ്കിലും, കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.'

നാളെ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നമീബിയക്കെതിരായ മത്സരത്തിന് ശേഷം ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് തിരിക്കും. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മ്മയ്ക്ക് പനിയില്‍ നിന്നും തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ന്യൂസിലാന്‍ഡിനെതിരായ സീരീസില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ ഇലവനിലെ തന്റെ സ്ഥാനം സഞ്ജുവിന് നഷ്ടമായിരുന്നു.
എന്നാല്‍ നമീബിയക്കെതിരെ ഒരു തിരിച്ചുവരവ് നടത്താന്‍ താരത്തിന് സാധിക്കുമെന്നും അത് പാകിസ്ഥാനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നുമാണ് ആരാധകര്‍ കണക്കാക്കുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ആവേശപ്പോരാട്ടം അരങ്ങേറുന്നത്.