T20 WC 2026: ഇന്ത്യക്കെതിരെ കളിക്കാൻ നിബന്ധനകളുമായി പാകിസ്ഥാൻ; താരങ്ങൾക്ക് കൈകൊടുക്കണം, കൂടുതൽ ഫണ്ടും വേണം!
ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന പാകിസ്ഥാന്റെ കടുംപിടിത്തത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമല്ല ഉള്ളതെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ഇന്നലെ ലാഹോറിൽ നടന്ന യോഗത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റ (ഐസിസി) മുന്നിൽ ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചുവെന്നാണ് വിവരം. തങ്ങളുടെ നിലപാടിൽ ഇളവ് വരുത്തുന്നതിന് പകരമായി പാകിസ്ഥാൻ എന്ത് ആവശ്യപ്പെട്ടുവെന്നാണ് എല്ലാവരും ഇതോടെ ഉറ്റുനോക്കുന്നത്.
ഏറ്റവും വലിയ സാമ്പത്തിക ലാഭം നൽകുന്ന ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കുന്നത് പാകിസ്ഥാന്റെ വിലപേശൽ ഉപാധിയാണെന്നാണ് സൂചന. ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ ബഹിഷ്‌കരണ നിലപാടിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഐസിസിയെ അറിയിച്ചിട്ടുണ്ട്. ഐസിസിയോട് പാകിസ്ഥാൻ ഉന്നയിച്ച പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ഇന്ത്യൻ താരങ്ങൾ കൈകൊടുക്കണം, കൂടുതൽ ഫണ്ട് കിട്ടണം
ഒന്നാമത്തെ ആവശ്യമായ അവർ ഉന്നയിച്ചത് ഐസിസിയിൽ നിന്ന് കൂടുതൽ ഫണ്ട് വേണമെന്ന് തന്നെയാണ്, അത് പല കേന്ദ്രങ്ങളും മുൻകൂട്ടി കണ്ടതുമാണ്. നിലവിൽ 5.75 ശതമാനം വരുമാനമാണ് അവർക്ക് ലഭിക്കുന്നത്. എന്നാൽ, ഐസിസിക്ക് വലിയ വരുമാനം നൽകുന്ന, നിലവിൽ വരുമാനം കൂടുതലുള്ള ബിസിസിഐക്ക് 39 ശതമാനത്തോളം ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്.
ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനരുജ്ജീവിപ്പിക്കണമെന്നതാണ് പാകിസ്ഥാന്റെ മറ്റൊരു ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ഇത് ശ്രദ്ധേയമാണ്. രാഷ്ട്രീയ, സുരക്ഷാ പ്രശ്‌നം കാരണം 2012-13ന് ശേഷം ഉഭയകക്ഷി പരമ്പരകൾ നടന്നിട്ടില്ല. നിലവിൽ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും തമ്മിൽ വല്ലപ്പോഴും ഏറ്റുമുട്ടുന്നത്.
മൂന്നാമത്തെ ആവശ്യം, ടി20 ലോകകപ്പ് മത്സരശേഷം ഇന്ത്യൻ താരങ്ങൾ പാക് കളിക്കാർക്ക് കൈ കൊടുക്കണമെന്നാണ്. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം പാക് താരങ്ങളുമായി കൈകൊടുക്കൽ ഒഴിവാക്കിയിരുന്നു. ഐസിസി വനിതാ ലോകകപ്പ്, എസിസി റൈസിംഗ് സ്‌റ്റാർസ്, അണ്ടർ 19 ലോകകപ്പ് എന്നിവയിലെല്ലാം ഇതേ നിലപാട് ഇന്ത്യൻ താരങ്ങൾ തുടർന്നു.
ലാഹോറിലെ യോഗത്തിൽ തീരുമാനം എന്ത്?
ടെലികോം ഏഷ്യ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ലാഹോറിൽ നടന്ന ഉന്നതതല യോഗത്തിൽ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായില്ലെന്നതാണ്. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയെയും അസോസിയേറ്റ് മെംബേഴ്‌സ് പ്രതിനിധി മുബഷിർ ഉസ്‌മാനിയെയും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയും പിഎസ്എൽ തലവൻ സൽമാൻ നസീറും ചേർന്നാണ് സ്വീകരിച്ചത്.
ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കുന്നത് തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഐസിസി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിശ്ചയിച്ച മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നാൽ സാമ്പത്തിക പിഴകളും ഉപരോധങ്ങളും നേരിടേണ്ടി വരുമെന്നും ഐസിസി അറിയിച്ചു. ഐസിസി നിയമപ്രകാരം, അംഗ ബോർഡുകൾ ടൂർണമെന്റ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്.
പാകിസ്ഥാന്റെ നിലപാടിന് കാരണം?
ഫെബ്രുവരി 1നാണ് ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഐസിസി ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. അതിലാണ് ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications