ടി20 ലോകകപ്പ് സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. ഒരു ഐസിസി ഇവന്റിൽ 823 ദിവസത്തിനു ശേഷമാണ് ഇന്ത്യക്ക് തോൽവി നേരിടേണ്ടി വന്നിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരം ഇന്ത്യക്ക് നിർണായകമായിരുന്നുവെങ്കിലും സകല മേഖലയിലും ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലാവുകയായിരുന്നു ഇന്ത്യ.
മത്സരത്തിൽ ഇന്ത്യ ബാറ്റർമാരുടെ പ്രകടനം ദയനീയമായിരുന്നു. അഭിഷേക് ശർമ്മയും തിലക് വർമ്മയും പ്രതീക്ഷിച്ച ഫോമിലായിരുന്നില്ല. ഇപ്പോഴിതാ ഇരുവരുടെയും തുടർച്ചയായുള്ള മോശം പ്രകടനം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് ആക്കം കൂടിയിരിക്കുകയാണ്. മത്സരശേഷം, ഇന്ത്യൻ അസിസ്‌റ്റന്റ് കോച്ച് റയാൻ ടെൻ ഡോസ്‌കേറ്റ് സഞ്ജു സാംസണെക്കുറിച്ച് അടുത്ത ദിവസങ്ങളിൽ ചർച്ചകൾ നടക്കുമെന്ന് സൂചിപ്പിച്ചു.

ഇത് സഞ്ജു സാംസൺ തുടർന്നുള്ള മത്സരങ്ങളിൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടാനുള്ള സാധ്യത വർധിപ്പിക്കുന്ന വാക്കുകളാണ്. പ്രത്യേകിച്ച് ഇന്ത്യ കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജയിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ സെമി ഫൈനൽ പോലും കാണാതെ പുറത്തായാൽ അത് ഗൗതം ഗംഭീറിന്റെ ഭാവിയെ പോലും ബാധിച്ചേക്കും.
'അടുത്ത ദിവസങ്ങളിൽ സഞ്ജു സാംസൺ തന്നെയാവും ടീമിലെ പ്രധാന ചർച്ചാ വിഷയം' എന്നാണ് സഹ പരിശീലകൻ പറഞ്ഞത്. അതിനർത്ഥം സഞ്ജുവിന്റെ സാധ്യത തെളിയുന്നുവെന്നാണ്. നേരത്തെ ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ന്യൂസിലാൻഡ് സീരീസിൽ നിറം മങ്ങുകയും അവസരം ഇഷാൻ കിഷൻ കൃത്യമായി മുതലാക്കുകയും ചെയ്‌തപ്പോഴാണ് ആദ്യ ഇലവനിൽ ഉൾപ്പെടാതെ പോയത്.
എന്നാൽ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് ബാറ്റിംഗിൽ നേരിടുന്നത്. ഈയൊരു സാഹചര്യത്തിലാണ് സഞ്ജുവിന് വേണ്ടി മുറവിളി ശക്തമാവുന്നത്. ഇതുവരെയും വിന്നിംഗ് കോമ്പിനേഷൻ എന്ന ന്യായത്തിൽ കടിച്ചുതൂങ്ങിയ മാനേജ്‌മെന്റിന് പക്ഷേ ഇനി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. നാല് മത്സരങ്ങളിൽ നിന്ന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കി എടുക്കാൻ കഴിയാത്ത അഭിഷേക് ശർമ്മയെ തന്നെ മാറ്റി നിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ
ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, പവർ പ്ലേയിൽ മൂന്നുവിക്കറ്റ് നഷ്‌ടത്തോടെ മോശം തുടക്കമാണ് നേരിട്ടത്. എന്നാൽ, ഡേവിഡ് മില്ലർ (63), ഡെവാൾഡ് ബ്രെവിസ് (43) എന്നിവർ നാലാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തതോടെ കളി മാറി. പിന്നാലെ ട്രിസ്‌റ്റൻ സ്‌റ്റബ്‌സ് 24 പന്തിൽ 44 റൺസടിച്ചതോടെ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 187 റൺസ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റാർക്കും കാര്യമായി തിളങ്ങാൻ ആയില്ല.
പിന്നാലെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഒരു ഘട്ടത്തിലും താളം കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ 111 റൺസിന് എല്ലാവരും പുറത്തായി. 42 റൺസ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജാൻസൻ നാല് വിക്കറ്റ് വീഴ്ത്തി. ഈ തോൽവിയോടെ സൂപ്പർ 8ലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമായി മാറിയിരിക്കുകയാണ്. സിംബാബ്‌വെ, വെസ്‌റ്റ് ഇൻഡീസ് ടീമുകളെയാണ് ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത്.