T20 WC: 'ഇന്ത്യ ഒന്നാം നമ്പർ ടീം, പാകിസ്ഥാൻ വിവരമില്ലാത്തവർ'; സ്വന്തം ടീമിനെ വിമർശിച്ച് മുൻ പാക് താരം, കാരണം?
ടി20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയോട് ദയനീയമായി തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ മുൻ ബാറ്റർ ബാസിത് അലി രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. 61 റൺസിനായിരുന്നു ഇന്ത്യയുടെ വമ്പൻ വിജയം. 55 വയസുകാരനായ ബാസിത് അലിയുടെ കാഴ്‌ചപ്പാടിൽ ഇന്ത്യ ഒന്നാം നമ്പർ ടീമാണ്; പാകിസ്ഥാനുമായി താരതമ്യത്തിന് പോലും സാധ്യത ഇല്ലെന്നാണ് അദ്ദേഹം തന്നെ അഭിപ്രായപ്പെടുന്നത്.
'ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. അവരുമായി ഒരു താരതമ്യവുമില്ല. പക്ഷേ ഞങ്ങൾ വിവരമില്ലാത്തവരാണ്. ഞാൻ അബദ്ധത്തിൽ മോശം വാക്കുകൾ ഉപയോഗിച്ചാൽ, മുൻകൂട്ടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ ഗ്രൗണ്ടിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും മൂന്നിലും ആദ്യം ബാറ്റ് ചെയ്‌ത ടീം വിജയിച്ചെന്നും ചില വിവരമില്ലാത്ത ആളുകൾക്ക് പോലും അറിയില്ല' ദ ഗെയിം പ്ലാൻ എന്ന യൂട്യൂബ് ഷോയിൽ ബാസിത് അലി പറഞ്ഞു.

തന്റെ ദേഷ്യവും നിരാശയും മറച്ചു വയ്ക്കാതെയാണ് ബാസിത് അലി സംസാരിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് പാകിസ്ഥാന് മേലുള്ള ആധിപത്യത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതായിരുന്നു ബാസിത് അലിയുടെ പ്രതികരണം. 'നിങ്ങൾ ടോസ് നേടി ബോൾ ചെയ്യാൻ തീരുമാനിക്കുന്നു. എന്നിട്ട് പറയുന്നു, ഞങ്ങളുടെ സ്‌പിൻ വിഭാഗം വളരെ ശക്തമാണ് എന്ന്. ആ ശക്തി പിന്നീട് ഉപയോഗിക്കുരുതോ. ആദ്യം ബോൾ ചെയ്യാൻ നിങ്ങളോട് ആരാണ് പറഞ്ഞത്?' എന്നായിരുന്നു അലിയുടെ ചോദ്യം.
കൊളംബോയിലെ സ്ലോ പിച്ച് രണ്ടാമിന്നിംഗ്‌സിൽ റൺസ് കണ്ടെത്താൻ പ്രയാസമാക്കുമെന്ന് ബാസിത് അലി ചൂണ്ടിക്കാട്ടി. സ്‌പിൻ ബൗളിംഗാണ് തങ്ങളുടെ ശക്തിയെന്നറിഞ്ഞിട്ടും പാകിസ്ഥാൻ നായകൻ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മത്സരത്തിൽ ഷഹീൻ അഫ്രീദി ഒഴികെ മറ്റെല്ലാ ഓവറുകളും എറിഞ്ഞത് സ്‌പിന്നർമാർ ആയിരുന്നു.
പാകിസ്ഥാന്റെ പ്രകടനത്തെ വിലയിരുത്തുന്നതിൽ ബാസിത് അലി ഒട്ടും മടിച്ചില്ല. മറ്റൊരാളുടെ തെറ്റിൽ നിന്ന് പാഠം പഠിക്കാത്തത് അദ്ദേഹത്തെ കൂടുതൽ നിരാശനാക്കി എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. നിലവിൽ ലോകകപ്പിലെ സൂപ്പർ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്തായ നിലയിലാണ്. അവരുടെ ആദ്യ തോൽവി ചൂണ്ടിക്കാട്ടിയാണ് ബാസിത് അലി സംസാരിച്ചത്.
ഇതേ വേദിയിൽ നടന്ന ഓസ്‌ട്രേലിയ-സിംബാബ്‌വെ ടി20 ലോകകപ്പ് മത്സരവും ഇവിടുത്തെ ബാറ്റിങ് ദുഷ്‌കരമാണെന്നതിന്റെ ഉദാഹരണമാണ്. അന്ന് ആദ്യം ബോൾ ചെയ്‌ത ഓസ്‌ട്രേലിയക്ക് 170 റൺസ് എന്ന ചെറിയ ലക്ഷ്യം വിജയകരമായി പിന്തുടരാനായില്ല. സിംബാബ്‌വെ ഓസ്‌ട്രേലിയയെ 146 റൺസിന് പുറത്താക്കി ചരിത്ര വിജയം നേടുകയായിരുന്നു. അത് കണ്ടിട്ടും പഠിക്കാത്ത പാക് ടീമിനെയാണ് അലി വിമർശിച്ചത്.
അതേസമയം, ഇന്ത്യക്കെതിരായ മത്സരത്തിൽ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സൽമാൻ അലി ആഘയുടെ ടീം 114 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ആദ്യം ബോൾ ചെയ്‌ത പാകിസ്ഥാന്റെ തീരുമാനത്തെ ബാസിത് അലി വിമർശിച്ചു. പാകിസ്ഥാൻ ആദ്യം പന്തെറിഞ്ഞപ്പോൾ അപകടകാരിയായ അഭിഷേക് ശർമ്മയെ പൂജ്യത്തിന് പുറത്താക്കിയെങ്കിലും, ഇഷാൻ കിഷൻ-തിലക് വർമ്മ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചിരുന്നു.
ഇന്ത്യ ഇതിനകം തന്നെ ടി20 ലോകകപ്പിലെ സൂപ്പർ 8-ലേക്ക് യോഗ്യത നേടിയിട്ടുണ്ട്, ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നെതർലാൻഡ്‌സിനെതിരെ അവസാന ലീഗ് മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നുമുണ്ട്. മറുവശത്ത് സൂപ്പർ 8-ലേക്ക് യോഗ്യത നേടണമെങ്കിൽ പാകിസ്ഥാൻ നമീബിയയ്‌ക്കെതിരെ ജയിച്ചേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications