തുടർച്ചയായി നാല് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒടുവിൽ ഫോം കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെ സിംബാബ്‌വെയ്‌ക്കെതിരെ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിലാണ് താരം ടൂർണമെന്റിലെ തന്റെ ആദ്യ അർധ സെഞ്ച്വറി കുറിച്ചത്. മൂന്ന് കളികളിൽ തുടർച്ചയായി സംപൂജ്യനായി മടങ്ങിയ അഭിഷേകിന് ഇത് ആശ്വാസത്തിന്റെ ഇന്നിംഗ്‌സ് ആയിരുന്നു.
ഇപ്പോഴിതാ ഈ പ്രകടനം അഭിഷേകിന്റെ ഉപദേഷ്‌ടാവായ യുവരാജ് സിംഗിനെയും ആകർഷിച്ചു. 2007 ടി20 ലോകകപ്പ് ജേതാവായ അദ്ദേഹം, ഇന്നലെ കളിച്ച മികച്ച ഇന്നിംഗ്‌സിന്റെ പേരിൽ അഭിഷേക് ശർമ്മയെ അഭിനന്ദിച്ചു. 'ബാറ്റ് എല്ലാ സംസാരവും നടത്താൻ അനുവദിക്കുമ്പോഴാണത് ഏറ്റവും മികച്ചത്. നല്ല ഇന്നിംഗ്‌സ്, സർ അഭിഷേക്, മുന്നോട്ട് പോകുക' എന്നായിരുന്നു യുവരാജ് സിംഗ് തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്.

സിംബാംബ്‌വെക്കെതിരെ ഇന്ത്യ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിരുന്നു. റിങ്കു സിംഗിനും വാഷിംഗ്‌ടൺ സുന്ദറിനും പകരം സഞ്ജു സാംസണും അക്‌സർ പട്ടേലും കളിക്കുകയായിരുന്നു. പിന്നാലെ അഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യാനെത്തി. ഈ ഇടംകൈയ്യൻ-വലംകൈയ്യൻ കൂട്ടുകെട്ട് പവർപ്ലേയിൽ ഓഫ് സ്‌പിന്നർമാരെ ഉപയോഗിക്കുന്നതിൽ നിന്ന് സിംബാബ്‌വെയെ തടയുകയായിരുന്നു.
പവർ പ്ലേയിൽ നിലവിലുള്ള ഫീൽഡ് നിയന്ത്രണങ്ങൾക്കിടെ ഇറങ്ങിയ അഭിഷേകും സഞ്ജുവും തുടക്കം മുതൽ ആക്രമിച്ച് കളിച്ചതോടെ സ്‌കോർ ബോർഡ് വേഗത്തിൽ ചലിക്കുകയായിരുന്നു. 48 റൺസിന്റെ കൂട്ടുകെട്ടിൽ സഞ്ജു നാലാം ഓവറിൽ 24 റൺസ് നേടി പുറത്തായി. ഹാർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടിയപ്പോൾ, ഇന്ത്യ 20 ഓവറിൽ 256 റൺസ് സ്വന്തമാക്കിയിരുന്നു.
30 പന്തിൽ 55 റൺസ് (നാല് സിക്‌സറുകളും നാല് ബൗണ്ടറികളും) നേടിയ അഭിഷേക്, ഇന്ത്യക്ക് 250-ൽ അധികം റൺസ് നേടാൻ അടിത്തറയിട്ടുവന്നതാണ് ഇന്നലത്തെ ഏറ്റവും ആശ്വാസകരമായ കാര്യം. മുൻ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ സമ്പാദ്യം മൂന്ന് ഡക്കുകളടക്കം 15 റൺസ് മാത്രമായിരുന്നു. അവിടെ നിന്നാണ് സൂപ്പർ 8ലെ നിർണായക ഘട്ടത്തിൽ അഭിഷേക് തന്റെ മികവ് തെളിയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയെ അർഷദീപ് സിംഗിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിലൂടെ 184 റൺസിൽ ഒതുക്കിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. ആധികാരികമായ പ്രകടനത്തിലൂടെ 72 റൺസിന്റെ വിജയമാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ സ്വന്തമാക്കിയത്. ഇതോടെ സെമി ഫൈനൽ പ്രവേശനം എന്ന ഇന്ത്യയുടെ മോഹത്തിന് സാധ്യത കൂടി.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ബാറ്റർമാരിൽ ശിവം ദുബെ ഒഴികെ മറ്റാർക്കും ഒരു തരത്തിലും ശോഭിക്കാനായില്ല. ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകൾക്ക് കടുത്ത മങ്ങൽ ഏൽപ്പിച്ചിരുന്നു. അവിടെ നിന്നാണ് രണ്ടാം മത്സരത്തിൽ സിംബാബ്‌വെക്ക് എതിരെ ഇന്ത്യ തനി സ്വരൂപം പുറത്തെടുത്തത്. ഇന്ത്യ ഇന്ത്യക്ക് വെസ്‌റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ സെമിയിൽ കയറാം.