അറിയാം ഈ പതിറ്റാണ്ടില്‍ ട്വന്റി-20 ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് ട്വന്റി-20 ക്രിക്കറ്റ് ഈ ദശകം കൈവരിച്ചത്. ഭൂഗോളത്തിന്റെ നാനാഭാഗത്തും വര്‍ണപ്പകിട്ടാര്‍ന്ന ട്വന്റി-20 ലീഗുകള്‍ ധാരാളം കാണാം. ട്വന്റി-20 മത്സരങ്ങളുടെ അതിപ്രസരത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആള് കുറയുന്നതും ഈ കാലഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടു. ഒടുവില്‍ ടെസ്റ്റിനെ വീണ്ടെടുക്കാന്‍ പിങ്ക് ബോള്‍, ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടി വന്നു ഐസിസിക്ക്.

എന്തായാലും ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ട്വന്റി-20 ഫോര്‍മാറ്റിന് കഴിഞ്ഞെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ആയിരത്തില്‍പ്പരം ട്വന്റി-20 മത്സരങ്ങളാണ് രാജ്യാന്തര തലത്തില്‍ നടന്നത്. നാലു ട്വന്റി-20 ലോകകപ്പ് ടൂര്‍ണമെന്റുകളും ഈ പതിറ്റാണ്ടില്‍ ഐസിസി സംഘടിപ്പിച്ചു. 2010 -ല്‍ ഇംഗ്ലണ്ട് കിരീടജേതാക്കളായി. 2012 -ലും 2016 -ലും കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായി വെസ്റ്റ് ഇന്‍ഡീസ് വാണു. ഇടക്കാലത്ത് ശ്രീലങ്കയും ട്വന്റി-20 ലോകകപ്പ് കിരീടം ചൂടി.

ഇതൊക്കെയാണെങ്കിലും ട്വന്റി-20 ക്രിക്കറ്റിന്റെ അമരത്ത് ഇതുവരെ ഒരു ടീമും സ്ഥിരമായി ഇരുന്നിട്ടില്ല. വന്‍പ്രചാരമുണ്ടെന്ന കാര്യം ശരി തന്നെ. പക്ഷെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്ക് ലഭിക്കുന്ന ഗൗരവം പലപ്പോഴും ട്വന്റി-20 ഫോര്‍മാറ്റിന് കിട്ടാറില്ല. അടുത്തകാലത്തായി സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനുള്ള ഇടവേളയായി ട്വന്റി-20 പരമ്പരകള്‍ മാറുകയാണ്. എന്തായാലും 2019 പൂര്‍ത്തിയാവാനിരിക്കെ ഈ പതിറ്റാണ്ടിലെ ട്വന്റി-20 ടീമുകളുടെ പ്രോഗ്രസ് കാര്‍ഡ് ചുവടെ പരിശോധിക്കാം (ടെസ്റ്റ് പദവിയുള്ള പത്തു രാജ്യങ്ങളെയാണ് ഇവിടെ വിലയിരുത്തുന്നത്).

Also Read: അറിയാം ഈ പതിറ്റാണ്ടില്‍ ഏകദിന ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

10. ബംഗ്ലാദേശ് — 2/10

10. ബംഗ്ലാദേശ് — 2/10

ഈ ദശകത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും ഒരുപാട് സംഭവിച്ചു ബംഗ്ലാദേശ് ടീമിന്. ഏകദിനത്തില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ട്വന്റി-20 ഫോര്‍മാറ്റില്‍ ബംഗ്ലാ കടുവകള്‍ക്ക് ഇപ്പോഴും താളമില്ല. കുട്ടിക്രിക്കറ്റിലെ ഏറ്റവും മോശം ജയ/പരാജയ അനുപാതം ബംഗ്ലാദേശിന്റെ പ്രോഗ്രസ് കാര്‍ഡില്‍ കാണാം. 79 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചതില്‍ 27 തവണ മാത്രമേ ടീം ജയിച്ചിട്ടുള്ളൂ.

ഉഭയകക്ഷി പരമ്പരകളിലും ബംഗ്ലാദേശിന്റെ ചിത്രം ദയനീയമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അയര്‍ലണ്ട് (1-0), പാകിസ്താന്‍ (1-0), വെസ്റ്റ് ഇന്‍ഡീസ് (2-1) ടീമുകള്‍ക്കെതിരെ മാത്രമാണ് ബംഗ്ലാദേശ് പരമ്പരജയം പിടിച്ചെടുത്തത്. കളിച്ച നാലു ലോകകപ്പുകളിലും ടീമിന്റെ പ്രകടനം ദാരുണം. 2010, 2012 ലോകകപ്പുകളില്‍ ഒരു ജയം പോലും കുറിക്കാതെയാണ് ടീം പുറത്തായത്. 2014, 2016 ലോകകപ്പുകളില്‍ തട്ടിയും മുട്ടിയും ബംഗ്ലാദേശ് രണ്ടുതവണ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ചു.

09. അഫ്ഗാനിസ്താന്‍ — 3.5/10

09. അഫ്ഗാനിസ്താന്‍ — 3.5/10

2010 ഫെബ്രുവരിയിലാണ് അഫ്ഗാനിസ്താന്‍ ട്വന്റി-20 ക്രിക്കറ്റില്‍ പിച്ചവെച്ചത്. പത്തു വര്‍ഷംകൊണ്ട് ടീം ഒരുപാട് വളര്‍ന്നു. ക്രിക്കറ്റിലെ വലിയ രാജ്യങ്ങളുമായി അഫ്ഗാനിസ്താന്‍ ട്വന്റി-20 കളിച്ചിട്ടില്ലെന്നത് ശരിതന്നെ. എന്നാല്‍ നേരിട്ട എതിരാളികളെയെല്ലാം വിറപ്പിക്കാന്‍ ആഫ്ഗാന് കഴിഞ്ഞു. ഈ ദശകത്തില്‍ കളിച്ച 78 മത്സരങ്ങളില്‍ 53 -ലും ടീം ജയിച്ചു കയറി. കളിച്ച 14 ഉഭയകക്ഷി പരമ്പരകളില്‍ 11 -ലും ജയിച്ചെന്നത് അഫ്ഗാന്റെ വലിയ നേട്ടമാണ്.

പറഞ്ഞുവരുമ്പോള്‍ ബംഗ്ലാദേശിനെക്കാള്‍ കൂടുതല്‍ ജയം അഫ്ഗാന്‍ പട കുറിച്ചിട്ടുണ്ട്. 2016 -ല്‍ ലോകചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ സൂപ്പര്‍ 10 മത്സരത്തില്‍ തോല്‍പ്പിച്ചതും അഫ്ഗാന്‍ കുറിച്ച മറ്റൊരു അട്ടിമറി. 2016 മാര്‍ച്ച് മുതല്‍ 2017 വരെ തോല്‍വിയറിയാതെയാണ് ടീം ട്വന്റി-20 കളിച്ചത്. ഇക്കാലയളവില്‍ തുടര്‍ച്ചയായി 11 മത്സരങ്ങള്‍ അഫ്ഗാനിസ്താന്‍ ജയിച്ചു.

ശേഷം 2018 ഫെബ്രുവരി - 2019 സെപ്തംബര്‍ കാലയളവില്‍ തുടര്‍ച്ചയായി 12 മത്സരങ്ങള്‍ അഫ്ഗാന്‍ പട കൈപ്പിടിയിലാക്കിയതിനും ക്രിക്കറ്റ് ലോകം സാക്ഷികളാണ്. നിലവില്‍ ഐസിസി ട്വന്റി-20 റാങ്കിങ്ങില്‍ അഫ്ഗാനിസ്താന്‍ എട്ടാം സ്ഥാനത്താണ്.

08. ന്യൂസിലാന്‍ഡ് — 4.5/10

08. ന്യൂസിലാന്‍ഡ് — 4.5/10

കഴിഞ്ഞ പത്തു വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലുമുള്ള മികവ് ആവര്‍ത്തിക്കാന്‍ ന്യൂസിലാന്‍ഡിന്് കഴിഞ്ഞിട്ടില്ല. 96 മത്സരങ്ങളാണ് ഈ ദശകത്തില്‍ കിവികള്‍ കളിച്ചിരിക്കുന്നത്. ഇതില്‍ ജയിച്ചതാകട്ടെ 49 മത്സരങ്ങളില്‍ മാത്രം. പങ്കെടുത്ത നാലു ലോകകപ്പുകളിലും കാര്യമായ നേട്ടം സൃഷ്ടിക്കാന്‍ ന്യൂസിലാന്‍ഡ് ടീമിന് സാധിച്ചില്ല.

2016 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയതാണ് ആകെ പറയാവുന്ന മേന്മ. ഐസിസി ടൂര്‍ണമെന്റുകള്‍ മാത്രം വിലയിരുത്തിയാല്‍ 19 -ല്‍ 10 മത്സരങ്ങളിലാണ് ന്യൂസിലാന്‍ഡ് ജയം കണ്ടെത്തിയത്.

07. ദക്ഷിണാഫ്രിക്ക — 5/10

07. ദക്ഷിണാഫ്രിക്ക — 5/10

ഈ ദശകത്തിലെ കണക്കുപുസ്തകം തുറന്നാല്‍ 89 മത്സരങ്ങളില്‍ 51 എണ്ണവും ദക്ഷിണാഫ്രിക്ക ജയിച്ചതായി കാണാം. എന്നാല്‍ വലിയ ഐസിസി ടൂര്‍ണമെന്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ കഥ പഴയതുതന്നെ. നാലു ലോകകപ്പിലും മികവിന്റെ ഏഴയലത്തുപോലും ദക്ഷിണാഫ്രിക്ക വന്നില്ല. ഒരു തവണ മാത്രമേ ടീം സെമി ഫൈനല്‍ കണ്ടുള്ളൂ (2014 ലോകകപ്പില്‍). പത്തു വര്‍ഷത്തിനിടെ കളിച്ച 19 ലോകകപ്പ് മത്സരങ്ങളില്‍ ഒന്‍പതു തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ജയം രേഖപ്പെടുത്തിയത്.

Also Read: അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

06. ഓസ്‌ട്രേലിയ — 6/10

06. ഓസ്‌ട്രേലിയ — 6/10

2019 -ലെ കണക്കുകള്‍ നോക്കിയാല്‍ ഓസ്‌ട്രേലിയ അപരാജിതരാണ്. ഈ വര്‍ഷം കളിച്ച എട്ട് ട്വന്റി-20 മത്സരങ്ങളില്‍ ഏഴിലും കംഗാരുക്കള്‍ ജയിച്ചു. ഒരു കളി മാത്രം മഴയില്‍ ഒലിച്ചുപോയി. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ ടീമുകള്‍ക്കെതിരായ പരമ്പര ജയങ്ങള്‍ ഓസ്‌ട്രേലിയയുടെ മാറ്റുകൂട്ടുന്നുണ്ട്. പക്ഷെ ഈ ദശകം തിരിഞ്ഞുനോക്കിയാല്‍ ഓസീസ് പടയുടെ നിറംകെടും.

പത്തു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണ മാത്രമാണ് ടീം തുടര്‍ച്ചയായി മൂന്നു പരമ്പര ജയങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നത്. മുന്‍പ് 2014 -ല്‍ തുടര്‍ച്ചയായി നാലു പരമ്പരകള്‍ ജയിച്ചതു മാത്രമാണ് ഓസ്‌ട്രേലിയക്ക് ഓര്‍ത്തെടുക്കാവുന്ന നേട്ടം. ഈ ദശകത്തില്‍ 98 ട്വന്റി-20 മത്സരങ്ങള്‍ ഓസ്‌ട്രേലിയ കളിച്ചിട്ടുണ്ട്്. ഇതില്‍ 54 എണ്ണത്തില്‍ കംഗാരുക്കള്‍ ജയിച്ചു കയറി. ഇതേസമയം, ട്വന്റി-20 ലോകകപ്പ് ശക്തരായ ഓസ്‌ട്രേലിയക്ക് ഇപ്പോഴും കിട്ടക്കനിയാണ്.

05. പാകിസ്താന്‍ — 6.5/10

05. പാകിസ്താന്‍ — 6.5/10

ഈ ദശകത്തില്‍ പാകിസ്താന്‍ കളിച്ചത്രയും ട്വന്റി-20 മത്സരങ്ങള്‍ മറ്റൊരു ടീമും കളിച്ചിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 122 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് പാകിസ്താന്‍. ഇതില്‍ 67 എണ്ണത്തില്‍ ടീം ജയം കുറിക്കുകയും ചെയ്തു. ജയ/പരാജയ അനുപാതം 1.38. 2016 ലോകകപ്പ് കഴിഞ്ഞതു മുതല്‍ 2018 അവസാനം വരെ (30 മാസക്കാലയളവ്) പങ്കെടുത്ത ട്വന്റി-20 പരമ്പരകളും തുടര്‍ച്ചയായി ജയിച്ച ചരിത്രമുണ്ട് പാകിസ്താന് ഓര്‍ത്തെടുക്കാന്‍. ഈ കാലഘട്ടത്തില്‍ നാല് ട്വന്റി-20 മത്സരങ്ങള്‍ മാത്രമേ പാക് പട തോറ്റിട്ടുളളൂ.

ഇതേസമയം, ഈ ദശകത്തില്‍ പങ്കെടുത്ത നാലു ലോകകപ്പുകളിലും കാര്യമായ നേട്ടം കൊയ്യാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. 2010 -ല്‍ ടീം സെമിയില്‍ പുറത്തായി. തുടര്‍ന്നുള്ള ലോകകപ്പുകളില്‍ സൂപ്പര്‍ എട്ട്, സൂപ്പര്‍ പത്ത് ഘട്ടത്തില്‍ത്തന്നെ പാകിസ്താന്റെ പോരാട്ടങ്ങള്‍ അവസാനിച്ചു.

04. ഇന്ത്യ — 7.5/10

04. ഇന്ത്യ — 7.5/10

ഈ പതിറ്റാണ്ടില്‍ പാകിസ്താന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20 കളിച്ച രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 105 മത്സരങ്ങള്‍ ടീം ഇന്ത്യ കളിച്ചു; 67 എണ്ണത്തില്‍ നീലപ്പട വിജയം രുചിക്കുകയും ചെയ്തു. 2017 ഓഗസ്റ്റിനും 2018 നവംബറിനുമിടയില്‍ കളിച്ച ഒന്‍പതു ഉഭയകക്ഷി പരമ്പരകള്‍ തുടര്‍ച്ചയായി കയ്യടക്കിയതാണ് ടീം ഇന്ത്യയുടെ പ്രധാന നേട്ടം. ഇക്കാലയളവില്‍ ആകെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് കോലിയും സംഘവും തോറ്റത്.

2018 -ല്‍ ബംഗ്ലാദേശും ശ്രീലങ്കയും പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയി. 2007 -ന് ശേഷമുള്ള ലോകകപ്പുകളില്‍ തുടര്‍ച്ചയായി മൂന്നു തവണയാണ് ടീം സെമി കാണാതെ പുറത്തായത്. 2014 -ല്‍ ഫൈനല്‍ കളിച്ചെങ്കിലും ശ്രീലങ്കയോട് തോറ്റ് കിരീടമോഹങ്ങള്‍ നിഷ്പ്രഭമായി. 2016 ലോകകപ്പ് സെമിയില്‍ വാംഖഡേയില്‍ വെച്ച് വിന്‍ഡീസിനോട് തോറ്റ് പുറത്തായതും ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായമാണ്.

03. ഇംഗ്ലണ്ട് — 8/10

03. ഇംഗ്ലണ്ട് — 8/10

ഈ ദശകത്തില്‍ ആടിയുലഞ്ഞാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പ്രയാണം. 2010 -ല്‍ ട്വന്റി-20 ലോകകിരീടം ഉയര്‍ത്തി പുതിയ കാലത്തെ ഇംഗ്ലീഷ് ടീം വരവേല്‍ക്കുന്നത് ആരാധകര്‍ കണ്ടു. ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. പക്ഷെ ഇതിന് ശേഷം ട്വന്റി-20 ലോകകപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ഇംഗ്ലണ്ടിന് കൈവന്നില്ല. ഇതേസമയം, 2016 ലോകകപ്പില്‍ ടീം ഫൈനല്‍ വരെ എത്തിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 91 ട്വന്റി-20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിച്ചിട്ടുണ്ട്. ഇതില്‍ 47 എണ്ണത്തില്‍ ഇംഗ്ലീഷ് പട വിജയശ്രീലാളിതരായി.

2015 -ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ടീം ഘടന ഒന്നടങ്കം പൊളിച്ചെഴുതിയതിന് ശേഷമാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തിയത്. 2018 ജനുവരിക്ക് ശേഷം കേവലം ഒരു ഉഭയകക്ഷി പരമ്പര മാത്രമേ ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം തോറ്റിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം ജൂലായില്‍ ഇന്ത്യയ്ക്ക് എതിരെയായിരുന്നു ഇംഗ്ലണ്ടിന് സംഭവിച്ച തോല്‍വി. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീം ബഹുദൂരം മുന്നേറി.

02. ശ്രീലങ്ക — 8.5/10

02. ശ്രീലങ്ക — 8.5/10

പട്ടികയില്‍ ശ്രീലങ്കയുടെ പേര് രണ്ടാമത് കാണുമ്പോള്‍ ചിലരെങ്കിലും ചോദിക്കാം, ഇവരെങ്ങനെ ഇവിടെയെത്തി. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ വിപ്ലവകരമായ മുന്നേറ്റമൊന്നും ടീം നടത്തിയിട്ടില്ല. കളിച്ചത് 98 മത്സരങ്ങള്‍; ജയിച്ചത് 44 എണ്ണത്തിലും. എന്നാല്‍ നാലു ലോകകപ്പ് ഉള്‍പ്പെടുന്ന വലിയ ചിത്രം നോക്കിയാല്‍ രണ്ടു ഫൈനലുകള്‍ (2012 -ലും 2014 -ലും) ലങ്കന്‍ ടീം കളിച്ചതായി കാണാം. 2014 -ല്‍ ഇവര്‍ കിരീടമുയര്‍ത്തുകയും ചെയ്തു. 2010 ലോകകപ്പിലും ലങ്ക ഫൈനല്‍ വരെയെത്തിയിരുന്നു.

01. വെസ്റ്റ് ഇന്‍ഡീസ് — 9/10

01. വെസ്റ്റ് ഇന്‍ഡീസ് — 9/10

ശ്രീലങ്കയെ പോലെതന്നെ വെസ്റ്റ് ഇന്‍ഡീസിന്റെയും കാര്യം. 43 ശതമാനം മാത്രമേ കരീബിയന്‍ ടീമിന് വിജയശതമാനമുള്ളൂ. എന്നാല്‍ കളിച്ച ലോകകപ്പുകളില്‍ മുഴുവന്‍ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ മികവ് തെളിയിച്ചു. ഈ ദശകത്തില്‍ ട്വന്റി-20 ക്രിക്കറ്റിലാണ് വെസ്റ്റ് ഇന്‍ഡീസ് പൂര്‍ണ ശ്രദ്ധ ചെലുത്തിയത്. നിലവില്‍ രണ്ടു തവണ ട്വന്റി-20 ലോകകപ്പ് ഉയര്‍ത്തിയ ഏക രാജ്യവും വിന്‍ഡീസ്് മാത്രം. 2012 -ലും 2016 -ലും ടീം കപ്പുയര്‍ത്തി. 2014 -ലും വെസ്റ്റ് ഇന്‍ഡീസ് കിരീടം ചൂടിയേനെ. എന്നാല്‍ മഴ തടസ്സം സൃഷ്ടിച്ച സെമിയില്‍ ശ്രീലങ്കയോട് തോറ്റ് കരീബിയന്‍ സംഘം പുറത്തായി. ഐസിസി ടൂര്‍ണമെന്റുകള്‍ മാത്രം വിലയിരുത്തിയാല്‍ ടീമിന്റെ ജയ/പരാജയ അനുപാതം 2.00 എത്തിനില്‍ക്കുന്നതായി കാണാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: year end 2019
Story first published: Monday, December 23, 2019, 11:46 [IST]
Other articles published on Dec 23, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more
X