
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബറോഡയ്ക്ക് ഓപ്പണര്‍ നിനാദ് റാത്ത്‌വയെ (15 പന്തില്‍ 15) മികച്ച സ്‌കോര്‍ എത്തും മുമ്പെ നഷ്ടമായി. മൂന്നാമന്‍ വിഷ്ണു സോളങ്കിയും (12 പന്തില്‍ 12) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിലെ കേദാര്‍-കാര്‍ത്തിക് (41 പന്തില്‍ 53*) കൂട്ടുകെട്ട് ബറോഡയ്ക്ക് അടിത്തറപാകി. കേദാര്‍ നാല് ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കാര്‍തികിന്റെ പ്രകടനം. അതിത് ഷേതും (3 പന്തില്‍ 9) പുറത്താവാതെ നിന്നു. പഞ്ചാബിനുവേണ്ടി സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍,മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ പഞ്ചാബിനുവേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഓപ്പണര്‍ അഭിഷേക് ശര്‍മ (7 പന്തില്‍ 5), പ്രഭ്‌സിംറാന്‍ സിങ് (11 പന്തില്‍ 15) എന്നിവര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല.അന്‍മോല്‍പ്രീത് സിങ്ങും (19 പന്തില്‍ 15) പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഗുര്‍കീരത് സിങ് മാന്‍ (37 പന്തില്‍ 39), ക്യാപ്റ്റന്‍ മന്ദീപ് സിങ് (24 പന്തില്‍ 42*) എന്നിവരാണ് പഞ്ചാബിനുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. എന്നാല്‍ ഗുര്‍കീരത് സിങ് 37 പന്തുകള്‍ നേരിട്ടത് പഞ്ചാബിന് വലിയ തിരിച്ചടിയായി.

മധ്യനിരയില്‍ മന്ദീപ് സിങ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു മന്ദീപിന്റേത്. വാലറ്റത്തിലും ആര്‍ക്കും തിളങ്ങാനായില്ല. ബറോഡയ്ക്കായി ലുക്മാന്‍ മെറിവാല മൂന്ന് വിക്കറ്റും നിനാദ് റാത്വ രണ്ട് വിക്കറ്റും അതിത് ഷേത്,ബബാഷാഫി പതന്‍, കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി തമിഴ്‌നാട് വിജയം സ്വന്തമാക്കുകയായിരുന്നു. അരുണ്‍ കാര്‍ത്തികിന്റെ (89*) അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് തമിഴ്‌നാടിന് വിജയമൊരുക്കിയത്. ദിനേഷ് കാര്‍ത്തികും (26) തിളങ്ങി. തുടര്‍ച്ചയായ രണ്ടാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കുന്നത്.


Click it and Unblock the Notifications











