കൊച്ചി: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെ കേരളം സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ശക്തരായ പഞ്ചാബിനെ കേരളം അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാമതാണ് ടീം ഇപ്പോള്‍.
ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഒരുപന്ത് ശേഷിക്കേയാണ് കേരളം വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: പഞ്ചാബ് 137/7 (20), കേരളം 139/5 (19.5).

യുവരാജിന്റെ അര്‍ദ്ധസെഞ്ച്വറിക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ വിജയശില്‍പി. സഞ്ജു 56 പന്തില്‍ 72 റണ്‍സ് എടുത്തു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 25, വിഎ ജഗദീഷ് 16 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പഞ്ചാബ് യുവരാജിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. യുവരാജ് 54 റണ്‍സെടുത്തു.
കേരളത്തിനായി പ്രശാന്ത് പത്മനാഭന്‍ മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.