ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ, ക്രിക്കറ്റ് മൈതാനത്തെ 'ഷേക്ക് ഹാൻഡ്' വിവാദം വീണ്ടും ചർച്ചയാകുന്നു. 2026 ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ നാളെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ, പാകിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ കൈകൊടുക്കുമോ എന്ന ചോദ്യം ശക്തമാണ്.
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനും ഈ ചോദ്യം നേരിടേണ്ടി വന്നു. എന്നാൽ കൃത്യമായ ഒരു മറുപടി നൽകുന്നതിന് പകരം സസ്പെൻസ് നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. "ഇക്കാര്യത്തിൽ 24 മണിക്കൂർ കൂടി കാത്തിരിക്കൂ. നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക... നമുക്ക് നാളെ കാണാം," എന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി.

എന്നാൽ ഹാൻഡ് ഷേക്കിന് റെഡിയാണ് എന്ന രീതിയിലാണ് പാക് നായകൻ സൽമാൻ അലി ആഘ പറഞ്ഞത്. "ക്രിക്കറ്റ് അതിന്റെ യഥാർത്ഥ സ്പിരിറ്റിൽ (കായിക മര്യാദയോടെ) കളിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ വലിയ പ്രസക്തിയില്ലായിരിക്കാം, പക്ഷേ ക്രിക്കറ്റ് എന്നും എങ്ങനെയാണോ കളിച്ചുപോന്നത് ആ രീതിയിൽ തന്നെ തുടരണം. എന്ത് ചെയ്യണം എന്നത് അവരുടെ (ഇന്ത്യയുടെ) തീരുമാനമാണ്," ആഘ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഷേക്ക് ഹാൻഡ് വിവാദം ഉടലെടുത്തത്. 2025-ലെ ഏഷ്യാ കപ്പ് മത്സരത്തിനിടെ, സാധാരണമായ രീതിയിലുള്ള കൈകൊടുക്കൽ ചടങ്ങ് വേണ്ടെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകന് കൈകൊടുക്കാൻ വിസമ്മതിച്ചു. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ വിജയിച്ചതിന് ശേഷം ഇന്ത്യൻ താരങ്ങൾ പാക് കളിക്കാർക്ക് ഹസ്തദാനം നൽകാതെ നേരിട്ട് ഡഗൗട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇന്ത്യയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ
ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അസുഖ ബാധിതനായ അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെ ഇറങ്ങുമോ എന്ന കാര്യം ഇപ്പോഴും തുലാസിലാണ്. അഭിഷേകിന് പകരം സഞ്ജു സാംസൺ തന്നെ ഓപ്പണിങ് സ്ലോട്ട് ഫിൽ ചെയ്യാനാണ് കൂടുതൽ സാധ്യത. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസാ സ്റ്റേഡിയത്തിൽ നാല് സ്പിൻ ഓപ്ഷനുകളുമായായിരിക്കും ഇന്ത്യ ഇറങ്ങുക. കുൽദീപ് യാദവും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കളിക്കാൻ സാധ്യതയുണ്ട്. റിങ്കു സിങ്ങിന് പകരം വാഷിങ്ടൺ സുന്ദർ കളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
2026 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെയാണ് ഐസിസി ഉൾപ്പെടുത്തിയത്. അയൽരാജ്യമായ ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ശരിവെച്ചുകൊണ്ടും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ഫെബ്രുവരി 1-ന് പാകിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ തങ്ങളുടെ ക്രിക്കറ്റ് ബോർഡിന് (PCB) നിർദ്ദേശം നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം തന്നെ ഇന്ത്യയുമായുള്ള നിലവിലുള്ള രാഷ്ട്രീയ തർക്കങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ ഐസിസിയുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്ക് ഒടുവിൽ പാകിസ്ഥാൻ തങ്ങളുടെ തീരുമാനം മാറ്റുകയും ഇന്ത്യക്കെതിരെ കളിക്കാൻ സമ്മതിക്കുകയുമായിരുന്നു.