ബെംഗളൂരു: ഐ പി എല്ലിന്റെ ഒമ്പതാം സീസണിലെ കിരീടം എന്തായാലും തെക്കേ ഇന്ത്യ വിട്ട് പോകില്ല. എന്ന് മാത്രമല്ല, ഇത്തവണത്തെ ഐ പി എല്ലിന് പുതിയ അവകാശികളായിരിക്കും എന്ന കാര്യവും ഉറപ്പ്. മെയ് 29 ഞായറാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐ പി എല്‍ ഫൈനല്‍ കളിക്കാനിറങ്ങുന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. ഇതില്‍ ആര് ജയിച്ചാലും ചരിത്രം.
ഒന്നാം പ്ലേ ഓഫില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പിച്ചാണ് ബാംഗ്ലൂര്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഗുജറാത്ത് ലയണ്‍സിനെയും തോല്‍പിച്ച് ഹൈദരാബാദും ഫൈനലില്‍ എത്തി. രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടുള്ള ബാംഗ്ലൂരിനാണ് സാധ്യത കൂടുതല്‍ കല്‍പിക്കപ്പെടുന്നത്. 2011ലും 2009 ലും ഫൈനല്‍ കളിച്ച ബാംഗ്ലൂര്‍ രണ്ട് തവണയും തോറ്റു. ഹൈദരാബാദ് ഇതാദ്യമായി ഫൈനല്‍ കളിക്കുന്നു.

ബാംഗ്ലൂരിന്റെ ബാറ്റിംഗും ഹൈദരാബാദിന്റെ ബൗളിംഗും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ ആയിരിക്കും ഈ ഫൈനല്‍. റണ്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍, ഷെയ്ന്‍ വാട്‌സന്‍, മലയാളി താരമായ സച്ചിന്‍ ബേബി എന്നിവര്‍ കൂടി ചേരുമ്പോള്‍ ഈ ഐ പി എല്ലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ബാംഗ്ലൂരിന് സ്വന്തം. യുവേന്ദ്ര ചാഹല്‍, വാട്‌സന്‍, ജോര്‍ദാന്‍ എന്നിവരാണ് ബൗളിംഗിലെ പ്രധാനികള്‍.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് വേണ്ടി റണ്‍സെടുക്കുന്നവരില്‍ മുമ്പന്‍. മറ്റാരും അത്രകണ്ട് ഫോമിലല്ല എന്ന് പറയാം. യുവരാജ് സിംഗ്, ധവാന്‍, ഹെന്റിക്കസ, ഓജ, കട്ടിങ് എന്നിങ്ങനെ ബിപുല്‍ ശര്‍മ വരെ നീളുന്ന ബാറ്റിംഗ് നിരയെ തള്ളിക്കളയാന്‍ പറ്റില്ല എന്നത് വേറെ കാര്യം. മുസ്താഫിസുര്‍ റഹ്മാന്‍, ബരീന്ദര്‍ സ്രാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ നയിക്കുന്ന ബൗളിംഗ് നിരയാണ് അവരുടെ കരുത്ത്.