ദില്ലി: ഗാലെ ടെസ്റ്റില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമനോട് കളിയില്‍ ശ്രദ്ധിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറുടെ ഉപദേശം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ അഗ്രസീവ് ചര്‍ച്ചയും മറ്റും മതിയാക്കി കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം കളിക്കാരോട് നിര്‍ദ്ദേശിക്കുന്നത്. 176 റണ്‍സിന്റെ താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടരാന്‍ കഴിയാതെ 63 റണ്‍സ് തോല്‍വിയാണ് ഇന്ത്യ ശ്രീലങ്കയോട് വഴങ്ങിയത്.
കളിയില്‍ ആക്രമണോത്സുകത കാണിക്കേണ്ടതിനെക്കുറിച്ചാണ് അടുത്തകാലത്ത് ചര്‍ച്ച മുഴുവന്‍. എന്നാല്‍, പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ കളിക്കാര്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഏതെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ തെളിയിച്ചുകൊടുക്കേണ്ട കാര്യമില്ല ഇന്ത്യന്‍ ടീമിന്. ടീമിന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയാണ് അത്യാവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പിച്ചിന് യോജിച്ച കളിക്കാരെ തെരഞ്ഞെടുക്കുകയും അതിന് അനുസരിച്ച് കളിക്കുകയും വേണം. ഇപ്പോള്‍ അഗ്രസീവിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ച. ആദ്യ ടെസ്റ്റില്‍ തോറ്റതോടെ കളിയില്‍ കൂടുതല്‍ ഏകാഗ്രത കാണിക്കണം. നല്ല ക്രിക്കറ്റ് കളിക്കുക. അഗ്രസീവ് വേണ്ട എന്നതിനര്‍ഥം പ്രതിരോധത്തിലേക്ക് മടങ്ങുകയെന്നതല്ല. കളിയുടെ അവസാനം വിജയിക്കുക എന്നതാണ് പ്രധാനമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ തോറ്റ രീതിയെ അദ്ദേഹം വിമര്‍ശിച്ചു. വലിയൊരു ലീഡ് കരസ്ഥമാക്കിയിട്ടും ടീം തോറ്റത് അതിശയപ്പെടുത്തുന്നു. ഇന്ത്യ കളി ജയിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, പെട്ടെന്നുതന്നെ കളി എതിര്‍ ടീം കരസ്ഥമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബൗളിങ് അത്രകണ്ട് വിജയിച്ചില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.