ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് കോമ്പിനേഷനെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി സുനിൽ ഗാവസ്കർ. നിലവിലെ ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണിലും റുതുരാജ് ഗെയ്‌ക്‌വാദിലും ചെന്നൈ വിശ്വാസം അർപ്പിക്കണമെന്നും ഇടയ്ക്കിടെയുള്ള മാറ്റങ്ങൾ ടീമിന് ഗുണകരമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ക്ഷമ വേണം, 6-7 മത്സരങ്ങൾ നൽകൂ"
സഞ്ജുവിനെയും റുതുരാജിനെയും ഓപ്പണർമാരാക്കാൻ തീരുമാനിച്ചാൽ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്നാണ് ഗാവസ്കറുടെ പക്ഷം. "നിങ്ങൾ സഞ്ജു സാംസണെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും വെച്ച് ഓപ്പൺ ചെയ്യിക്കാൻ തീരുമാനിച്ചാൽ, കുറഞ്ഞത് 6-7 മത്സരങ്ങളിലെങ്കിലും ആ ജോഡിയെ മാറ്റാതെ നോക്കണം. ഉടൻ ഫലം ലഭിച്ചില്ലെങ്കിലും അവർക്ക് സമയം നൽകുക. അത്രയും മത്സരങ്ങൾ കഴിഞ്ഞിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ മാത്രം മാറ്റത്തെക്കുറിച്ച് ചിന്തിക്കുക," ഗാവസ്കർ പറഞ്ഞു.

ആയുഷ് മൂന്നാം നമ്പറിൽ തന്നെ തുടരണം
യുവതാരം ആയുഷ് മ്ഹാത്രെയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചും ഗാവസ്കർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി. "ആയുഷ് മൂന്നാം നമ്പറിൽ വളരെ നന്നായി കളിക്കുന്നുണ്ട്. അവൻ അവിടെ തിളങ്ങുമ്പോൾ എന്തിനാണ് ആ സ്ഥാനത്ത് മാറ്റം വരുത്തുന്നത്? നന്നായി പോകുന്ന കാര്യങ്ങളെ വെറുതെ കുഴപ്പത്തിലാക്കരുത്," അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജു സാംസൺ ഓപ്പണിംഗിൽ എത്തുമ്പോൾ ടീമിന് ലഭിക്കുന്ന ആക്രമണോത്സുകതയും റുതുരാജിന്റെ പക്വതയും ചേരുമ്പോൾ അത് ലോകോത്തരമായ ഒരു ഓപ്പണിംഗ് കൂട്ടുകെട്ടായി മാറുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവാണ് ചെന്നൈ ക്യാമ്പിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന്. സീസണിന്റെ തുടക്കത്തിൽ ഹാട്രിക് തോൽവികളുമായി ഉലഞ്ഞ ചെന്നൈ സൂപ്പർ കിംഗ്‌സ്, കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളിലൂടെ തങ്ങളുടെ താളം കണ്ടെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ധോണി ടീമിലേക്ക് തിരിച്ചെത്തുമ്പോൾ നിലവിലെ മികച്ച കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി. മുൻ താരങ്ങളും ഈ ആശങ്ക പങ്കുവെച്ചിരുന്നു.
ധോണി ടീമിലെത്തിയാൽ നിലവിൽ വിക്കറ്റ് കാക്കുന്ന സഞ്ജു സാംസണ് ആ സ്ഥാനം ഒഴിയേണ്ടി വരുമെന്നതാണ് മറ്റൊരു വസ്തുത. സഞ്ജു ഒരു ഫീൽഡറായി കളിക്കേണ്ടി വരുമെങ്കിലും ധോണിയുടെ സാന്നിധ്യം ടീമിന് നൽകുന്ന മാനസികമായ മുൻതൂക്കം (Intangibles) വളരെ വലുതാണെന്ന് മുൻ താരം സുബ്രഹ്മണ്യം ബദ്രീനാഥ് ചൂണ്ടിക്കാട്ടി.
ബാറ്റർമാരുടെ പറുദീസ; പിച്ച് റിപ്പോർട്ട്
ഹൈദരാബാദിലെ പിച്ച് ബാറ്റർമാരെ തുണയ്ക്കുന്നതാണ്. ഇഷാൻ കിഷനും ട്രാവിസ് ഹെഡും നയിക്കുന്ന ഹൈദരാബാദിന്റെ ടോപ്പ് ഓർഡർ ഏതു ബൗളിംഗ് നിരയെയും തകർക്കാൻ കെൽപ്പുള്ളവരാണ്. എന്നാൽ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഫോമും ആയുഷ് മ്ഹാത്രെയുടെ കരുത്തും ചെന്നൈയെ ഒപ്പത്തിനൊപ്പം നിർത്തുന്നു.
ഖലീൽ പുറത്ത്; സിഎസ്‌കെയ്ക്ക് തിരിച്ചടി!
വിജയങ്ങൾക്കിടയിലും ചെന്നൈയെ ആശങ്കയിലാക്കുന്നത് പരിക്കുകളാണ്. മികച്ച ഫോമിലായിരുന്ന പേസർ ഖലീൽ അഹമ്മദ് പരിക്കിനെത്തുടർന്ന് ഈ ഐപിഎൽ സീസണിൽ നിന്ന് തന്നെ പുറത്തായിരിക്കുന്നു. അദ്ദേഹത്തിന് പകരം യുവതാരം രാമകൃഷ്ണ ഘോഷ് ടീമിലെത്താൻ സാധ്യതയുണ്ട്. മറുവശത്ത്, ഹൈദരാബാദിന് അവരുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തുന്നത് വലിയ ആശ്വാസമാണ്.