റണ്ണെടുത്തപ്പോഴും സഞ്ജുവിനെ നിങ്ങള്‍ പുറത്താക്കി, ഇനി എന്തുചെയ്യും? - മുന്‍ സിഎസ്‌കെ താരം
ടി20 ലോകകപ്പിലെ അതിനിർണ്ണായകമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ, ടീം ഇന്ത്യയുടെ വിജയശില്പി സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുൻ സിഎസ്‌കെ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 50 പന്തുകളിൽ പുറത്താകാതെ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ മാർച്ച് 5-ന് മുംബൈയിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
സെലക്ടർമാർക്കെതിരെ ബദ്രിനാഥിന്റെ വിമർശനം
സഞ്ജുവിന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് ബദ്രിനാഥ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. "അവൻ റൺസ് സ്കോർ ചെയ്തുകൊണ്ടിരുന്നപ്പോഴും അവർ അവനെ ടീമിൽ നിന്ന് പുറത്താക്കി. പിന്നീട് പ്രകടനം മോശമാണെന്ന് പറഞ്ഞ് വീണ്ടും മാറ്റിനിർത്തി. പക്ഷേ നക്ഷത്രങ്ങൾ അവനായി ഒരുമിച്ചു," ബദ്രിനാഥ് പറഞ്ഞു. റിങ്കു സിംഗിന്റെ അഭാവത്തിൽ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിച്ചുവെന്നും, സമ്മർദ്ദഘട്ടത്തിൽ ഇത്രയും മികച്ചൊരു ഇന്നിംഗ്‌സ് കളിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഷേക് ശർമ്മ - ഇഷാൻ കിഷൻ സഖ്യം പരാജയപ്പെട്ടതോടെയാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്.

സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗ്
സഞ്ജുവിന്റെ ബാറ്റിംഗിലെ പക്വതയെയും ഷോട്ട് സെലക്ഷനെയും ബദ്രിനാഥ് പ്രത്യേകം പ്രശംസിച്ചു. 12 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്‌സിൽ ഓരോ ബൗണ്ടറിക്ക് ശേഷവും സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറാൻ സഞ്ജു ശ്രദ്ധിച്ചു. ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മാത്രം ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് സഞ്ജു പയറ്റിയത്. "ഇതിനുമുമ്പ് പല സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ കരിയറിലെ ഏറ്റവും സവിശേഷമായ ഇന്നിംഗ്‌സ് ഇതാണ്. അനുഭവം ഒരിക്കലും നിങ്ങളെ ചതിക്കില്ലെന്ന് സഞ്ജു തെളിയിച്ചു," ബദ്രിനാഥ് വിലയിരുത്തി.
ഓരോ വിക്കറ്റുകൾ മറുഭാഗത്ത് പോയിക്കൊണ്ടിരുന്നപ്പോഴും വളരെ കാമായി, കൂളായി സഞ്ജു ബാറ്റിങ്ങ് തുടർന്നു. മൂന്നാമത്തെ സിക്സ് പറത്തിയതിന് ശേഷം പിന്നെ അദ്ദേഹം ഒരു സിക്സ് അടിച്ചത് അവസാന ഓവറിലായിരുന്നു. 25 സിങ്കിളുകളാണ് സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ പിറന്നത്. 12 ഫോറുകളും നാല് സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. വളരെ കുറച്ച് ഡോട്ട് ബോളുകൾ മാത്രമാണ് സഞ്ജു സാംസൺ വരുത്തിയിട്ടുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, ഒരു സിക്സറും ഫോറും പറത്തിയാണ് സഞ്ജു ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, ആർ. അശ്വിൻ തുടങ്ങിയ പ്രമുഖരും സഞ്ജുവിനെ പ്രശംസിച്ചിരുന്നു. "ക്ഷമയോടെ കാത്തിരിക്കുന്ന നല്ലവർക്ക് നല്ലതേ സംഭവിക്കൂ" എന്ന ക്യാപ്റ്റൻ സൂര്യകുമാറിന്റെ വാക്കുകൾ സഞ്ജുവിന്റെ ഈ ഉജ്ജ്വല തിരിച്ചുവരവിനുള്ള സാക്ഷ്യപത്രമായി മാറി. ടീം ഇന്ത്യ സെമിയിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ സഞ്ജുവിന്റെ ഈ ഫോം നിർണായകമാകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications