ഫീൽഡിങ്ങിൽ അബദ്ധം, ബൗളിങ്ങിൽ ഭാരം, ബാറ്റിങ്ങിൽ നനഞ്ഞ പടക്കം! ദുബെ ടീമിൽ എന്തിനെന്ന് ബദ്രീനാഥ്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവം ദുബെയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ദുബെ ചെന്നൈ നിരയിൽ ആവശ്യത്തിന് സ്വാധീനം ചെലുത്തുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്ന സമയത്താണ് ബദ്രീനാഥിന്റെ തുറന്ന് പറച്ചിൽ. ഗെയ്ക്വാദും സഞ്ജുവുമെല്ലാം കളിച്ചില്ലെങ്കിൽ പഴി ഏറ്റുവാങ്ങേണ്ടി വരുമ്പോൾ അതിനിടയിൽ ദുബെ കടന്നുകളയുകയാണ്. അവസാന ഓവറുകളിൽ മത്സരം ജയിപ്പിക്കാൻ കഴിയാത്ത ദുബെയുടെ ബാറ്റിംഗ് സമീപനം ടീമിന് ഗുണകരമല്ലെന്ന് ബദ്രിനാഥ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് ദുബെയെ രൂക്ഷമായി വിമർശിച്ചത്.
"സ്ലോ ബൗൺസർ എറിഞ്ഞാൽ ദുബെ ഔട്ട്!"
ഡെത്ത് ഓവറുകളിൽ ദുബെയ്ക്ക് പന്തെറിയുക എന്നത് ബൗളർമാരെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള കാര്യമായി മാറിയിരിക്കുന്നു എന്ന് ബദ്രിനാഥ് പരിഹസിച്ചു. "നമ്മൾ പലരെയും വലിയ ഹിറ്റർമാരെന്നും സ്ട്രൈക്കർമാരെന്നും വിളിക്കാറുണ്ട്. പക്ഷേ, സങ്കടത്തോടെ പറയട്ടെ, അവസാന ഓവറുകളിൽ ശിവം ദുബെയ്ക്ക് പന്തെറിയുക എന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. 36 പന്തിൽ 60 റൺസ് എന്നത് ഇന്നത്തെ കാലത്ത് നിഷ്പ്രയാസം നേടാവുന്ന ലക്ഷ്യമാണ്. ഒരു ഡെത്ത് ഓവർ ഹിറ്റർ എന്ന നിലയിലാണ് നിങ്ങൾ ഇന്ത്യൻ ടീമിലും ചെന്നൈ നിരയിലും ഇടംപിടിക്കുന്നത്. എന്നിട്ട് ഒരു സ്ലോ ബൗൺസർ വന്നാൽ അതിന് മുന്നിൽ പതറുന്നത് അംഗീകരിക്കാനാവില്ല," ബദ്രിനാഥ് പറഞ്ഞു.

"ഫീൽഡിംഗിൽ ടീമിന് ഒരു ബാധ്യത"
ബാറ്റിംഗിലെ പരാജയത്തിന് പുറമെ ദുബെയുടെ ഫീൽഡിംഗിനെയും ബദ്രിനാഥ് കടന്നാക്രമിച്ചു. "നിങ്ങൾ ബൗൾ ചെയ്യുന്നില്ല, ഫീൽഡിംഗിൽ ടീമിന് ഒരു ഭാരമാണ് (Burden). ഗ്രൗണ്ടിൽ നിങ്ങളെ ഒളിച്ചുനിർത്താൻ പോലും സാധിക്കാത്ത അത്ര മോശം ഫീൽഡിംഗാണ് കാഴ്ചവെക്കുന്നത്. വെറും ബാറ്റിംഗിന് വേണ്ടി മാത്രമാണ് നിങ്ങൾ ടീമിലുള്ളത്. ആ ബാറ്റിംഗിൽ പോലും തിളങ്ങാൻ കഴിയില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്?" ബദ്രിനാഥ് ചോദിച്ചു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ നിർണ്ണായക സമയത്ത് റൺസ് കണ്ടെത്താൻ കഴിയാതെ പുറത്തായ ദുബെയുടെ പ്രകടനം ആരാധകരെയും നിരാശരാക്കിയിരുന്നു. സ്പിന്നർമാർക്കെതിരെ തിളങ്ങുന്ന ദുബെ പേസർമാരുടെ സ്ലോ പന്തുകൾക്ക് മുന്നിൽ പതറുന്നത് ചെന്നൈയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.
12 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ശിവം ദുബെയെ തങ്ങളുടെ ടിമിൽ നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നും 121 റൺസ് മാത്രമാണ് ദുബെയ്ക്ക് നേടാനായത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ നേടിയ 21 റൺസാണ് ടോപ് സ്കോർ. വലിയ സിക്സ് ഹിറ്റിങ് എബിലിറ്റിയുള്ള ദുബെ ഇത്തരത്തിൽ പരാജയപ്പെടുന്നത് ചെന്നൈയുടെ മധ്യനിരയെ വല്ലാതെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചു, ധോണി ഇല്ലാത്ത ഈയൊരു സാഹചര്യത്തിൽ. വരും മത്സരങ്ങളിൽ ദുബെ താളം കണ്ടെത്തും എന്നുതന്നെയാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications