ചെന്നൈ: നയിക്കുക എന്നത് ചിലരുടെ ജന്മസിദ്ധമായ കഴിവാണ്. അതിന് ടീമിന്റെ ക്യാപ്റ്റനായിരിക്കണം എന്നൊന്നും ഇല്ല. അത്തരം സിദ്ധിയുളള ഒരു കളിക്കാരനാണ് എം എസ് ധോണി. ക്യാപ്റ്റൻ പട്ടം വിരാട് കോലിക്ക് വെച്ച് മാറിയെങ്കിലും ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിലെ ബോസ് എം എസ് ധോണി തന്നെയാണ്. ഇത് തെളിയിക്കുന്നതാണ് ഇന്ത്യ - ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിനിടെ സ്റ്റംപ് മൈക്കിൽ നിന്നും കിട്ടിയ ധോണിയുടെ ചില ഓഡിയോ ക്ലിപ്പുകൾ. സംഭവം ഇന്റര്‍നെറ്റിൽ വൈറലാകുകയാണ് ഇപ്പോൾ.

21 ഓവറിൽ 161 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗ്ലെൻ മാക്സ് വെൽ തകർത്തടിക്കുമ്പോൾ ധോണി സ്പിന്നർമാര്‌ക്ക് ടിപ്സ് കൊടുക്കുന്നതാണ് ഓഡിയോയിൽ. ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ ധോണി ഹിന്ദിയിലാണ് സഹതാരങ്ങളോട് സംസാരിക്കാറുള്ളത്. ഇവിടെ ഗ്ലെൻ മാക്സ് വെല്ലിനെതിരെ പന്തെറിയാനെത്തിയ യുവതാരങ്ങളായ കുല്‍ദീപ് യാദവിനും യുവേന്ദ്ര ചാഹലിനുമാണ് ധോണിയുടെ ടിപ്സ് കിട്ടിയത്.
ബാറ്റ്സ്മാൻ അടിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പന്തുകൾ എറിയൂ. അകത്തേക്ക് തിരിഞ്ഞാലും പുറത്തേക്ക് തിരിഞ്ഞാലും കുഴപ്പമില്ല. ഇതായിരുന്നു ധോണിയുടെ ഒരു ഉപദേശം. കുൽദീപ് യാദവിന്റെ പന്ത് മാക്സി സിക്സറിന് പറത്തിയപ്പോൾ മഹിയുടെ പ്രതികരണം ഇങ്ങനെ - ഇത്രയ്ക്ക് ഫുൾ ബോൾ എറിയാതെ. എന്തായാലും തൊട്ടടുത്ത ഓവറിൽ ചാഹലിന്റെ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ മനീഷ് പാണ്ഡെയ്ക്ക് പിടികൊടുത്ത് മാക്സി മടങ്ങുകയും ചെയ്തു. കളി ഇന്ത്യ വ്യക്തമായ മാർജിനിൽ ജയിച്ചു.