ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി സ്റ്റുവര്‍ട്ട് ബ്രോഡ്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ കരിയറിലെ 500 വിക്കറ്റ് നാഴികക്കല്ല് സ്റ്റുവര്‍ട്ട് ബ്രോഡ് തികച്ചു. മൂന്നാം ടെസ്റ്റിലെ അഞ്ചാം ദിനം ഓള്‍ഡ് ട്രാഫോഡിലെ ഒഴിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കിയാണ് 500 വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ബ്രോഡ് കടന്നത്. ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന നാലാമത്തെ ഫാസ്റ്റ് ബൗളറെന്ന ഖ്യാതിയും ഇതോടെ സ്റ്റുവര്‍ട്ട് ബ്രോഡിന് സ്വന്തം. 14 ആം ഓവറില്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് ബ്രോഡിന്റെ അഞ്ഞൂറാമത്തെ ഇര. വിന്‍ഡീസ് ഓപ്പണറെ താരം വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

നിലവില്‍ ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ പ്രഥമ വിക്കറ്റുവേട്ടക്കാരന്‍. 800 വിക്കറ്റുകളെന്ന മാന്ത്രികസംഖ്യ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണാണ് ടെസ്റ്റില്‍ വിക്കറ്റുവേട്ടയില്‍ രണ്ടാമന്‍. വിരമിക്കും മുന്‍പ് 708 വിക്കറ്റുകളാണ് വോണ്‍ സ്വന്തം പേരില്‍ കുറിച്ചത്. അനില്‍ കുംബ്ലൈ (619 വിക്കറ്റ്), ജയിംസ് ആന്‍ഡേഴ്‌സണ്‍ (589 വിക്കറ്റ്), ഗ്ലെന്‍ മഗ്രാത്ത് (563 വിക്കറ്റ്), കോര്‍ട്ട്ണി വാല്‍ഷ് (519 വിക്കറ്റ്) എന്നിവര്‍ക്ക് പിന്നില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.
നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് സ്്റ്റുവര്‍ട്ട് ബ്രോഡ് തുടരുന്നത്. ആദ്യ ഇന്നിങ്‌സില്‍ 14 ഓവര്‍ കൊണ്ട് ആറു വിന്‍ഡീസ് വിക്കറ്റുകള്‍ താരം പിഴുതെടുത്തിരുന്നു. കേവലം 31 റണ്‍സ് മാത്രമാണ് ഇദ്ദേഹം വിട്ടുനല്‍കിയതും. ഇതോടെ 197 റണ്‍സില്‍ ഒതുങ്ങി സന്ദര്‍ശകരുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം. മറുഭാഗത്ത് 369 റണ്‍സ് ഇംഗ്ലീഷ് പട കുറിക്കുകയുണ്ടായി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ ബ്രോഡിന് സാധിച്ചെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഒരു സിക്‌സും ഒന്‍പതു ഫോറുകളുടെയും അകമ്പടിയോടെ 62 റണ്‍സാണ് ബ്രോഡ് വാലറ്റത്ത് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 226 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ട് 399 റണ്‍സ് എന്ന വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുന്നില്‍ നീട്ടി. രണ്ടാം ഇന്നിങ്‌സിലും ബ്രോഡുതന്നെ വിന്‍ഡീസിന്റെ ദുഃസ്വപ്‌നമായി തുടരുന്നത്.