സിഡ്‌നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തം നാട്ടില്‍ കൈവിട്ടതോടെ ഓസ്‌ട്രേലിയ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയിലടക്കം ടീമിന് അടിപതറിയതോടെ വലിയ പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. ക്യാപ്റ്റന്‍ ടിം പെയ്‌നിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പെയ്‌നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന അഭിപ്രായം ശക്തമാണ്. ഇപ്പോഴിതാ മറ്റ് വഴികളിലില്ലെങ്കില്‍ സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയ വീണ്ടും നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.
'സ്റ്റീവ് സ്മിത്ത് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് തോന്നുന്നത്. എന്നാല്‍ സാഹചര്യങ്ങളെ പരിഗണിച്ച് മറ്റൊരു വഴിയും ഇല്ലെങ്കില്‍ മാത്രമാണ് സ്മിത്തിനെ നായകനാക്കാന്‍ സാധിക്കുകയെന്നാണ് തോന്നുന്നത്. പന്ത് ചുരണ്ടല്‍ പ്രശ്‌നത്തില്‍ സ്മിത്തിനും വാര്‍ണറിനും തുല്യ നീതി ലഭിച്ചില്ല. സ്മിത്തിന് 12 മാസത്തെ വിലക്കും 24 മാസത്തെ ക്യാപ്റ്റന്‍സി വിലക്കും ലഭിച്ചപ്പോള്‍ വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സിയില്‍ ആജീവനാന്ത വിലക്ക് ലഭിച്ചതെന്തിനാണ്?-ചാപ്പല്‍ ചോദിക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2018ല്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തില്‍ സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് ചുരണ്ടിയതിനെത്തുടര്‍ന്നാണ് സ്മിത്തും വാര്‍ണറും പ്രതിക്കൂട്ടിലായത്. വാര്‍ണര്‍ പന്ത് ചുരണ്ടാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്ന സ്മിത്ത് തടയാന്‍ ശ്രമിച്ചില്ല എന്നതാണ് താരത്തിനെതിരേ പ്രധാനമായും ചാര്‍ത്തപ്പെട്ട കുറ്റം.
എന്തായാലും ഓസ്‌ട്രേലിയന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പെയ്‌നിനെ നീക്കാന്‍ സാധ്യത ഏറെയാണ്. നിലവില്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പരിഗണിക്കാന്‍ കഴിയുന്ന ഏക താരം സ്മിത്ത് മാത്രമാണ്. എന്നാല്‍ ഇത്തരമൊരു വഞ്ചനാകേസില്‍ കുടുങ്ങിയ സ്മിത്തിനെ വീണ്ടും നായകനാക്കുന്നതില്‍ താരങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം. നേരത്തെ സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാനുള്ള നീക്കത്തെ മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണടക്കം വിമര്‍ശിച്ചിരുന്നു.
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ജയം ലഭിച്ചിട്ടും മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. രണ്ടാം ടെസ്റ്റ് ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് സമനിലയായി. അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. പരിക്കും സൂപ്പര്‍ താരങ്ങളുടെയും അഭാവം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടും കീഴടക്കാന്‍ ഓസ്‌ട്രേലിയക്കായില്ല എന്നതാണ് ഏറ്റവും വലിയ നാണക്കേട്.