നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ആര്? തുറന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്
സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ സ്മിത്ത് വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന വാദം ഉയര്‍ത്തുന്നവരും നിരവധിയാണ്. എന്തൊക്കെയായാലും സ്മിത്തിന്റെ ബാറ്റിങ് പ്രതിഭ എതിരാളികള്‍ പോലും സമ്മതിച്ച് നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് സ്മിത്ത് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് സ്മിത്ത് ഇക്കാര്യം പങ്കുവെച്ചത്.

ബാറ്റിങ്ങില്‍ കോലിയല്ലാതെ മറ്റാര്
നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനില്ലെന്ന് മുഖ്യ എതിരാളിയായ സ്മിത്ത് തന്നെ സമ്മതിച്ചിരിക്കുകയാണ്. നിലവില്‍ കോലിയേക്കാള്‍ ടെസ്റ്റില്‍ മികവ് സ്മിത്തിനുണ്ടെങ്കിലും ബാക്കി രണ്ട് ഫോര്‍മാറ്റിലും സ്മിത്തിനേക്കാള്‍ ഏറെ മുന്നിലാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരമാണ് കോലി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകസ്ഥാനത്തും കോലിയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഇത്തവണ സ്റ്റീവ് സ്മിത്താണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ഒറ്റവാക്കില്‍ വിവരിക്കാമോ എന്ന ചോദ്യത്തിന് 'ഫ്രീക്ക്'എന്നാണ് സ്മിത്ത് കുറിച്ചത്.

സഞ്ജുവിനും കെഎല്‍ രാഹുലിനും പ്രശംസ
ഇന്ത്യയുടെ കെ എല്‍ രാഹുലിനെയും സഞ്ജു സാംസണെയും സ്മിത്ത് പ്രശംസിച്ചു. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായ രാഹുലിനെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്ന ചോദ്യത്തിന് 'ഗണ്‍' എന്നാണ് സ്മിത്ത് പറഞ്ഞത്. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. അവസാന സീസണിലെ ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍ രാഹുലായിരുന്നു. രാജസ്ഥാനില്‍ സ്മിത്തിന്റെ സഹതാരമായ സഞ്ജു സാംസണെ പ്രതിഭാശാലിയെന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ധോണിക്ക് പകരക്കാരനായി പരിഗണിക്കപ്പെടുന്നവരില്‍ സഞ്ജുവുമുണ്ട്.

എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാര്‍ ആരൊക്കെ?
ഫീല്‍ഡിങ്ങില്‍ നിരവധി തവണ വിസ്മയിപ്പിച്ച താരമാണ് സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും ഷോട്ടിലും സ്മിത്ത് പറന്നെടുത്ത ക്യാച്ചുകള്‍ ആരാധകര്‍ നെഞ്ചേറ്റിയവയാണ്. ഫീല്‍ഡിങ്ങില്‍ പുലിയായ സ്മിത്ത് തന്റെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണെന്നും പറഞ്ഞു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങുമാണ് തന്റെ ഫീല്‍ഡിങ്ങിലെ പ്രിയപ്പെട്ടവരെന്നാണ് സ്മിത്ത് പറഞ്ഞത്. ക്രിക്കറ്റ് താരമായില്ലെങ്കില്‍ ആരാകുമായിരുന്നുവെന്ന ചോദ്യത്തിന് ടെന്നിസ് താരമെന്നാണ് സ്മിത്ത് മറുപടി നല്‍കിയത്.

ഐപിഎല്ലിനെത്താന്‍ വൈകുമോ?
നിലവില്‍ ഇംഗ്ലണ്ട് പരമ്പരയില്‍ പങ്കെടുക്കുകയാണ് ഓസീസ് താരങ്ങള്‍. ഈ മാസം 16നാണ് ഈ പരമ്പര അവസാനിക്കുന്നത്. അതിനാല്‍ ഇരു രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇരു രാജ്യത്ത് നിന്നും ഐപിഎല്ലില്‍ പങ്കെടുക്കുന്ന 22 താരങ്ങള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരിട്ട് യുഎഇയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ജോസ് ബട്‌ലര്‍,ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,ഇയാന്‍ മോര്‍ഗന്‍,ജോഫ്ര ആര്‍ച്ചര്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം നിലവില്‍ പരമ്പരയുടെ ഭാഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications