ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും ഓസ്ട്രേലിയന്‍ ആധിപത്യം. ആഷസ് ടെസ്റ്റ് പരമ്പരയില്‍ കസറിയ ഓസീസ് സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സമിത്ത് തന്നെ ബാറ്റ്സ്മാന്മാരില് ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളിങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഒന്നാം റാങ്കില്‍ തുടരുകയാണ്. ആഷസിലെ പ്രകടനത്തോടെ തന്റെ മുഖ്യ എതിരാളിയും റാങ്കിങിലെ രണ്ടാംസ്ഥാനക്കാരനുമായ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുമായുള്ള അകലം സ്മിത്ത് വര്‍ധിപ്പിച്ചിട്ടുമുണ്ട്. 937 പോയിന്റോടെയാണ് സ്മിത്ത് തലപ്പത്ത് നില്‍ക്കുന്നത്. 34 പോയിന്റ് പിന്നിലായി രണ്ടാമതാണ് കോലി. 857 പോയിന്റാണ് ഇന്ത്യന്‍ നായകനുള്ളത്.
ആഷസിലെ അവിശ്വസനീയ പ്രകടനം തന്നെയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിനെ ഒന്നാം റാങ്ക് തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. ആഷസ് പരമ്പര ആരംഭിക്കുന്നതിനു മുമ്പ് കോലി ഒന്നാമനും സ്മിത്ത് നാലാമനുമായിരുന്നു. എന്നാല്‍ ആഷസില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 774 റണ്‍സ് നേടിയതോടെ സ്മിത്ത് വന്‍ കുതിപ്പ് നടത്തി കോലിയെ താഴെ ഇറക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പേസ് സെന്സേഷന് ജോഫ്ര ആര്‍ച്ചര്‍ക്കും ആഷസിലെ പ്രകടനം മുതല്‍ക്കൂട്ടായി. കരിയറിലാദ്യമായി താരം ആദ്യ 40നുള്ളില്‍ ഇടം നേടി.
ആഷസ് 2019: ഇതാണ് കാത്തിരുന്ന ആഷസ്... 47 വര്‍ഷത്തിനു ശേഷമാദ്യം, ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം
ഓസീസിനു വേണ്ടി ആഷസില്‍ നടത്തിയ മിന്നുന്ന ബൗളിങ് പ്രകടനമാണ് ബൗളിങില്‍ കമ്മിന്‍സിനെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 29 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയേക്കാള്‍ 57 പോയിന്റിന് മുന്നിലാണ് കമ്മിന്‍സ്. അതേസമയം, ആഷസിലെ മോശം പ്രകടനം ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റാങ്കിങിനെ ബാധിച്ചു. ഏഴു സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ വാര്‍ണര്‍ പുതിയ റാങ്കിങ് പ്രകാരം 24ാം സ്ഥാനത്താണ്. ആഷസില്‍ 10 ഇന്നിങ്സുകള്‍ കളിച്ച അദ്ദേഹത്തിന് വെറും 95 റണ്‍സാണ് നേടാനായത്.