സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കും. നേരത്തേ താരത്തിനു ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനും വിലക്കുണ്ടായിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസം നീക്കുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ടീമിനു വേണ്ടിയാണ് ജനുവരിയില്‍ ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ താരം ബാറ്റേന്തുക.
വിക്ടോറിയന്‍സുമായി സ്മിത്ത് നേരത്തേ കരാര്‍ ഒപ്പുവച്ചിരുന്നെങ്കിലും നിയമം ലംഘിച്ചാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മറ്റു ഫ്രാഞ്ചൈസികള്‍ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്നു സ്മിത്തിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലീഗില്‍ നിന്നും വിലക്കുകയും ചെയ്തു. എന്നാല്‍ നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ച ഫ്രാഞ്ചൈസി ഇതു പിന്‍വലിച്ചതോടെയാണ് ഓസീസ് സൂപ്പര്‍ താരത്തിന്റെ വിലക്ക് നീങ്ങിയത്.

നേരത്തേ ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഇല്ലാതിരുന്ന സ്മിത്തിനെ ടീമിലേക്കു കൊണ്ടുവന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മറ്റു ഫ്രാഞ്ചൈസികള്‍ പ്രതിഷേധമറിയിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഭാവിയെക്കരുതിയാണ് തങ്ങളുടെ എതിര്‍പ്പ് പിന്‍വലിക്കുന്നതെന്ന് ഫ്രാഞ്ചൈസികള്‍ ഇമെയില്‍ മുഖേന തങ്ങളെ അറിയിച്ചതായും ഇതേ തുടര്‍ന്നാണ് വിലക്ക് നീക്കിയതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് അറിയിച്ചു.
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ സ്മിത്തിനൊപ്പം തന്നെ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്്. വിലക്കിനു ശേഷം സ്മിത്ത് കളിക്കുന്ന മൂന്നാമത്തെ ടി20 ചാംപ്യന്‍ഷിപ്പാണിത്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ അദ്ദേഹം കളിച്ചിരുന്നു.