സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ക്രിക്കറ്റില്‍നിന്നും വിലക്കുലഭിച്ച ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിവാഹിതനായി. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ഡാനി വില്ലീസുമായാണ് സ്മിത്തിന്റെ വിവാഹം. ഡാനിയെ വിവാഹം ചെയ്തതായി അറിയിച്ച് സ്മിത്ത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റു ചെയ്തു. ഏറ്റവും അടുത്ത സുഹൃത്തിനെ ഇന്നു ഞാന്‍ വിവാഹം ചെയ്തു. എത്ര മനോഹരമായ ദിനമാണ് ഇതെന്നായിരുന്നു ചിത്രത്തിനുള്ള അടിക്കുറിപ്പ്.
2011ല്‍ ഡാനി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്മിത്തുമായി കണ്ടുമുട്ടുന്നത്. പിന്നീട് ബിഗ് ബാഷ് ലീഗിന്റെ ആദ്യ സീസണില്‍ ഇരുവരും സിഡ്നിയിലെ ബാറില്വെച്ചും കണ്ടുമുട്ടുമായിരുന്നു. ഇവിടെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. 2017ല്‍ ന്യൂയോര്‍ക്കില്‍വെച്ച് സ്മിത്ത് ഡാനിയോട് വിവാഹാഭ്യര്‍ഥന നടത്തി. അന്നത്തെ ചിത്രവും സ്മിത്ത് ആരാധകര്‍ക്കായി പുറത്തുവിട്ടിരുന്നു.
ക്രിക്കറ്റില്‍ തന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരി ഡാനിയാണെന്ന് സ്മിത്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മൈക്കിള്‍ ക്ലാര്‍ക്കില്‍നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോഴും കാമുകിയുടെ പിന്തുണ സ്മിത്ത് തുറന്നുപറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിക്ക് വിധേയനായപ്പോഴും സ്മിത്തിന് കൂട്ടായി ഉണ്ടായിരുന്നത് കാമുകിയായിരുന്നു.
വിവാദമുണ്ടായശേഷം ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന രീതിയില്‍ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സ്മിത്തിന്റെ എല്ലാ പോരായ്മകളും അംഗീകരിച്ചുകൊണ്ടുതന്നെ താരത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ എല്ലാ പിന്തുണയും പ്രോത്സാഹനവും നല്കി ഡാനി ഇനി ഒപ്പമുണ്ടാകും. 2019ലെ ലോകകപ്പില്‍ പൂര്‍വാധികം ശക്തിയോടെ സ്മിത്ത് ക്രിക്കറ്റ് ലോകത്ത് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.