IPL 2026: സഞ്ജു അപകടകാരിയാണ്, അവൻ കത്തിക്കയറും! വിമർശകർക്ക് ഫ്ലെമിംഗിന്റെ മറുപടി; വിശ്വരൂപം ഉടൻ പുറത്തുവരും
രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിലേക്ക് ചേക്കേറിയ ശേഷം മലയാളി താരം സഞ്ജു സാംസണ് കഷ്ടകാലമാണ്. മൂന്ന് മത്സരങ്ങളിലും താരം ഒറ്റ അക്കത്തിൽ പുറത്തായിരിക്കുകയാണ്. ചെന്നൈയുടെ ബാറ്റിങ് ഡെപ്ത്ത് ചോദ്യമുനയിൽ നിൽക്കുമ്പോൾ സഞ്ജുവിന്റെ തുടർച്ചയായ പരാജയം വലിയ ചർച്ചയാവുകയാണ്.
ആർസിബിയോട് വലിയ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന്, ഒറ്റ അക്ക സ്കോറിന് പുറത്തായ സഞ്ജു സാംസണെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെ, താരത്തിന് ശക്തമായ പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. സഞ്ജുവിന്റെ ഫോമില്ലായ്മയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"ഒരു ഇന്നിംഗ്‌സ് മതി, സഞ്ജു സംഹാരരൂപിയാകും!"
സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ചും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചും ഫ്ലെമിംഗ് പറഞ്ഞത് ഇങ്ങനെ:
"സഞ്ജു റൺസ് കണ്ടെത്താനും ടീമിനായി വലിയ സ്വാധീനം ചെലുത്താനും ആഗ്രഹിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ എത്ര വേഗത്തിലാണ് മാറുന്നതെന്ന് സഞ്ജുവിനും റുതുരാജിനും നന്നായി അറിയാം. കഴിഞ്ഞ ടി20 ലോകകപ്പിൽ നമ്മൾ കണ്ടതാണ്, ഒരു ബാറ്റർക്ക് താളം കണ്ടെത്താൻ ഒന്നോ രണ്ടോ നല്ല ഇന്നിംഗ്‌സുകൾ മാത്രം മതി. ആ വേഗത കൈവരിച്ചാൽ സഞ്ജുവിനെ തടയാൻ ആർക്കും കഴിയില്ല. എതിരാളികളിൽ നിന്ന് കളി തട്ടിയെടുക്കാൻ സഞ്ജുവിന് പ്രത്യേക കഴിവുണ്ട്."
സഞ്ജുവിനെതിരെ ഉയരുന്ന ഹ്രസ്വകാല സമ്മർദ്ദങ്ങൾ (Short-term pressure) ടീം ഗൗനിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ വളർച്ചയിലാണ് ചെന്നൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.
റുതുരാജിന് കൂട്ടായി സഞ്ജു; ചെന്നൈയുടെ പ്ലാൻ വ്യക്തം!
ആർസിബിക്കെതിരായ മത്സരത്തിൽ 250 റൺസ് വഴങ്ങിയതും 43 റൺസിന് തോറ്റതും ചെന്നൈയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് ഫ്ലെമിംഗ് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. സഞ്ജുവും റുതുരാജും ചേർന്ന് നൽകുന്ന തുടക്കം വരും മത്സരങ്ങളിൽ ചെന്നൈയെ വിജയവഴിയിൽ തിരിച്ചെത്തിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സിനെ 43 റൺസിന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് തള്ളിയിട്ടു. ആദ്യം ബാറ്റ് ചെയ്ത ആർസിബി, ടിം ഡേവിഡിന്റെ (25 പന്തിൽ 70) വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും രജത് പാട്ടിദാറിന്റെ (49*) മികച്ച പ്രകടനത്തിന്റെയും കരുത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറായ 250 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലേ സഞ്ജു സാംസൺ (7), റുതുരാജ് ഗെയ്‌ക്‌വാദ് (7), ആയുഷ് മാത്രെ എന്നിവരെ നഷ്ടമായത് തിരിച്ചടിയായെങ്കിലും, സർഫറാസ് ഖാന്റെ (50) അർദ്ധസെഞ്ച്വറിയും പ്രശാന്ത് വീർ (43), ജെമി ഓവർട്ടൺ (37) എന്നിവരുടെ പോരാട്ടവീര്യവുമാണ് തോൽവിയുടെ ആഘാതം കുറച്ചത്. ബൗളിംഗിലെ പ്ലാനിംഗില്ലായ്മയും ഫീൽഡിംഗിലെ പിഴവുകളും ചെന്നൈയെ നാണംകെടുത്തിയപ്പോൾ, നായകൻ റുതുരാജ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
ആർ. അശ്വിൻ ബൗളിംഗ് തന്ത്രങ്ങളെ വിമർശിക്കുകയും ബദ്രിനാഥ് ലേലത്തിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുമ്പോഴും, സഞ്ജു സാംസൺ എന്ന 'മാച്ച് വിന്നറെ' വിശ്വസിക്കാനാണ് ചെന്നൈയുടെ തീരുമാനം. മഞ്ഞക്കുപ്പായത്തിൽ സഞ്ജു തന്റെ പഴയ 'റോയൽ' ഫോമിലേക്ക് തിരിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications