നിനക്ക് അതിനു കഴിഞ്ഞാല്‍ അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്‍ഭജന്‍

പഞ്ചാബില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ചിരുന്നു. താരത്തിന്റെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്. ഇന്ത്യ വിജയിച്ച നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 91 റണ്‍സോടെ ഗില്‍ ടോപ്‌സ്‌കോററായിരുന്നു. തന്റെ നാട്ടുകാരനായ ഒരു താരം വീണ്ടും ദേശീയ ടീമില്‍ മിന്നുന്ന പ്രകടനം നടത്തുന്നതില്‍ അഭിമാനമുണ്ടെന്നു ഭാജി പറഞ്ഞു.

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ തന്നേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ ഗില്‍ കളിക്കുകയാണെങ്കില്‍ അത് ഏറെ അഭിമാനം നല്‍കുമെന്നു 108 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഭാജി വ്യക്തമാക്കി. 10 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ച ആദ്യ താരമായി ഗില്‍ മാറിയിരുന്നു. 2006ല്‍ വലംകൈയന്‍ പേസര്‍ വിആര്‍വി സിങാണ് അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ച പഞ്ചാബ് താരം.

ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണെന്നും എന്നാല്‍ ഇതിനുള്ള കഴിവ് ശുഭ്മാന്‍ ഗില്ലിനുണ്ടെന്നും ഹര്‍ഭജന്‍ വിശ്വസിക്കുന്നു. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. മോശം ഫോമിലുള്ള പൃഥ്വി ഷായ്ക്കു പകരമാണ് താരത്തിനു നറുക്കുവീണത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ച ഗില്‍ തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകളിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ താരം കരിയറിലെ കന്നി ടെസ്റ്റ് ഫിഫ്റ്റിയും കുറിച്ചിരുന്നു. കളിച്ച ആറു ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് ഗില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായത്.

ഇളയ സഹോദരനെപ്പോലെ കാണുന്ന ശുഭ്മാന്‍ ഗില്ലിനോടു ഒരേയൊരു ഉപദേശം മാത്രമേയുള്ളൂ. ഏകാഗ്രത നഷ്ടപ്പെടുത്താതെ എല്ലായ്‌പ്പോഴും മുന്നോട്ടു മാത്രം ചിന്തിക്കണമെന്നു ഭാജി ആവശ്യപ്പെട്ടു. നവ്‌ജ്യോത് സിങ് സിദ്ധുവിനു ശേഷം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഓപ്പണറായ ആദ്യ പഞ്ചാബ് താരം കൂടിയാണ് ഗില്‍. സിദ്ധുവിനെക്കൂടുതല്‍ മല്‍സരങ്ങള്‍ നിനക്കു കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നേക്കാള്‍ കൂടുതല്‍ ടെസ്റ്റകളില്‍ നീ കളിച്ചാല്‍ അതു കൂടുതല്‍ സന്തോഷവും അഭിമാനവും നല്‍കുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ഗില്‍ വരുമോയെന്ന് എനിക്കറിയില്ല. എന്നാല്‍ കഴിയാവുന്നത്ര വര്‍ഷങ്ങള്‍ രാജ്യത്തിനു വേണ്ടി അവന്‍ കളിക്കണമെന്നാണ് ആഗ്രഹം. നല്ല കഴിവുള്ള ബാറ്റ്‌സ്മാനാണ് ഗില്‍. നല്ല ഏകാഗ്രതയുമുണ്ട്. കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവും തുടരണം. ഗെയിമിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും വേണം. കുറച്ചു വര്‍ഷങ്ങളായി അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണിതെന്നും ഹര്‍ഭജന്‍ വിശദമാക്കി. ഓസ്‌ട്രേലിയക്കെതിരായ മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.8 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ നേടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 21, 2021, 17:04 [IST]
Other articles published on Jan 21, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X