ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബി സി സി ഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും എന്‍ ശ്രീനിവാസന് രാജി വെക്കണമെന്ന് പരമോന്നത കോടതി പറഞ്ഞു.
വാതുവെപ്പ് കേസില്‍ ബി സി സി ഐ നടത്തിയ ഏകപക്ഷീയ അന്വേഷണം തള്ളിയ കോടതി മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാണോ എന്നും ചോദിച്ചു. എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ സി ഇ ഓയുമായ ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണ് എന്നായിരുന്നു സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മീഷന്റെ കണ്ടെത്തല്‍.
ഐ പി എല്‍ ഒത്തുകളിക്കേസിലെ പ്രതിയായ വിന്‍ധൂ ധാരാസിംഗുമായി തമാശയ്ക്ക് വാതുവെച്ചിട്ടുണ്ട് എന്ന് മെയ്യപ്പന് അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. ഒത്തുകളിയുമായി മെയ്യപ്പന് ബന്ധമുള്ള പശ്ചാത്തലത്തില്‍ ശ്രീനിവാസന് ബി സി സി പ്രസിഡണ്ടാകുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ശ്രീനിവാസന്റെ മകളും മെയ്യപ്പന്റെ ഭാര്യയുമായ രൂപയാണ് ഇന്ത്യ സിമന്റ്സിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍. ഇന്ത്യ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
കോഴവിവാദത്തില്‍ ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന്റെ പങ്ക് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന് കണ്ടെത്തിയ സാഹചര്യത്തിലാണ് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം ഒഴിയാന്‍ ശ്രീനിവാസനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാത്രമേ കേസില്‍ സുതാര്യമായ അന്വേഷണം നടക്കൂ. നേരത്തെ ഐപി എല്ലില്‍ ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോള്‍ സ്വന്തമായി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് മെയ്യപ്പന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു ശ്രീനിവാസന് മേധാവിയായ ബി സി സി ഐ ചെയ്തത്.