കൊളംബോ: ശ്രീലങ്കയില്‍ നടന്നുവരുന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സിന്റെ നാണംകെട്ട തോല്‍വി. ശ്രീലങ്കയുടെ 300 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 121 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കയിലെ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്.
സ്പിന്നര്‍ അഖില ധനഞ്ജയയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ധനഞ്ജയ 29 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ്ങാണിത്. നേരത്തെ ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നെങ്കിലും അവസാന രണ്ടു മത്സരങ്ങളിലും ശ്രീലങ്ക തിരിച്ചടിച്ചു.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന്റെ 97 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് 299 റണ്‍സ് എന്ന സ്‌കോറിലെത്താന്‍ കഴിഞ്ഞത്. 11 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മാത്യൂസിന്റെ ഇന്നിങ്‌സ്. അവസാന പത്ത് ഓവറുകളില്‍ ശ്രീലങ്ക 93 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് 54 റണ്‍സെടുത്തു. മറ്റു താരങ്ങള്‍ക്കൊന്നും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല.