മുംബൈ: ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കെടുത്ത ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ ഐപിഎല്‍ സീസണ്‍ 9ല്‍ നിന്നും പുറത്തായേക്കും. ഏറെനാളായി അലട്ടിക്കൊണ്ടിരിക്കുന്ന കാല്‍മുട്ടിലെ പരിക്കാണ് മലിംഗയ്ക്ക് വിനയായത്. ഇതോടെ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നിലനിര്‍ത്തുക പ്രയാസകരമായിരിക്കും.
അടുത്തിടെ നടന്ന ടി20 ഏഷ്യാ കപ്പില്‍ നിന്നും, ലോകകപ്പ് ടി20 ടൂര്‍ണമെന്റില്‍ നിന്നും മലിംഗയ്ക്ക് പരിക്കുമൂലം വിട്ടു നില്‍ക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലും നഷ്ടമാകുന്നത്. മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍ സംഘത്തിന്റെ പരിശോന പ്രകാരം കുറഞ്ഞത് നാലു മാസത്തെ വിശ്രമം മലിംഗയ്ക്ക് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയിലേക്ക് മടങ്ങുന്ന മലിംഗ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയനാകും. ഇതിനുശേഷം ആവശ്യമെങ്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് തീരുമാനം. മുപ്പത്തിരണ്ടുകാരനായ മലിംഗ കഴിഞ്ഞ 8 ഐപിഎല്‍ ടൂര്‍ണമെന്റുകളിലും കളിച്ചിരുന്നു. 98 മത്സരങ്ങളില്‍ നിന്നായി 143 വിക്കറ്റുകളും സ്വന്തമാക്കി.
മലിംഗയുടെ അഭാവത്തില്‍ അടുത്തകാലത്ത് ശ്രീലങ്കന്‍ ദേശീയ ടീമിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. പരിക്ക് വിനയായതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും മലിംഗയ്ക്ക് വിട്ടുനില്‍ക്കേണ്ടതായി വന്നേക്കും.