സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിനൊപ്പം നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമാക്കി ശ്രീലങ്കന്‍ ബൗളര്‍ കസുന്‍ രജിത. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന മോശം റെക്കോര്‍ഡാണ് രജിത തന്റെ പേരിലാക്കിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 75 റണ്‍സ് വിട്ടുകൊടുത്തു. ഓസീസ് ബാറ്റ്‌സ്മാന്മാര്‍ ഈ വലംകൈയ്യന്‍ പേസറുടെ പന്തുകള്‍ തല്ലിത്തകര്‍ത്തു.
തുര്‍ക്കി താരം തനാഹാന്‍ തുരാന്‍ ആണ് നേരത്തെ ഈ റെക്കോര്‍ഡ് കൈവശം വെച്ചിരുന്നത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ 70 റണ്‍സാണ് തനാഹന്‍ വഴങ്ങിയത്. എന്നാല്‍, ശരാശരി നിലവാരത്തിലും താഴെയുള്ള ബൗളറുടെ റെക്കോര്‍ഡ് ശ്രീലങ്കന്‍ താരം തന്റെ പേരിലാക്കി. ആദ്യ ഓവറില്‍ രജിത 11 റണ്‍സാണ് വഴങ്ങിയത്. രണ്ടാം ഓവറില്‍ 21ഉം മൂന്നാം ഓവറില്‍ 25 റണ്‍സും നാലാം ഓവറില്‍ 18 റണ്‍സും രജിത ഓസ്‌ട്രേലിയയ്ക്ക് വിട്ടുകൊടുത്തു. ഏഴ് ബൗണ്ടറികളും ആറ് സിക്‌സറുകളുമാണ് രജിതയുടെ നാല് ഓവറില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ 134 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണര്‍ (100*) സെഞ്ച്വറിയോടെ ടി20യിലേക്ക് തിരിച്ചുവരവ് ആഘോഷിച്ച മത്സരത്തില്‍ 64 റണ്‍സുമായി ആരോണ്‍ ഫിഞ്ചും, 62 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെലും ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.