കറാച്ചി: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. പാകിസ്താന്റെ 191 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്ന്ന് ഇറങ്ങിയ ശ്രീലങ്ക 271 റണ്‍സ് അടിച്ചെടുത്തു. 80 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും സന്ദര്‍ശകരായ ശ്രീലങ്കയ്ക്കൊപ്പം നിന്നു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്താന് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 57 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ ശ്രീലങ്കയുടെ ലീഡിനേക്കാള് 23 റണ്‍സിന് പിന്നിലാണ് പാകിസ്താന്. ഷാന്‍ മസൂദ് (21), ആബിദ് അലി (32) എന്നിവരാണ് ക്രീസില്‍.
മധ്യനിരയില്‍ ദിനേഷ് ചണ്ഡിമല്‍ (74) നേടിയ അര്‍ധ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. 143 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. ദില്‍റൂവന്‍ പെരേര (48), ധനഞ്ജയ് ഡി സില്‍വ (32) എന്നിവരുടെ ബാറ്റിങ്ങും ശ്രീലങ്കയ്ക്ക് കരുത്തായി. നായകന് ദിമുത് കരുണരത്ന 25 റണ്‍സെടുത്തു. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി അഞ്ച് വിക്കറ്റും മുഹമ്മദ് അബ്ബാസ് നാല് വിക്കറ്റും ഹാരിസ് സൊഹൈല്‍ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം സമനിലയിലാണ് കലാശിച്ചത്.