മിര്‍പുര്‍: ശ്രീലങ്ക കുട്ടിക്രിക്കറ്റിലെ പുതിയ രാജാക്കന്മാര്‍. ഞായറാഴ്ച നടന്ന അഞ്ചാമത് ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ആറുവിക്കറ്റിനാണ് മുന്‍ ചാംപ്യന്മാരായ ഇന്ത്യയെ തകര്‍ത്തത്. ഫൈനല്‍ വരെ തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യ സിംഹള കരുത്തിനുമുന്നില്‍ ദയനീയമായി മുട്ടുമടക്കുകയായിരുന്നു.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. മഴമൂലം ഈര്‍പ്പമുള്ള പിച്ചില്‍ നിന്നും നേട്ടമുണ്ടാക്കാനാകുമെന്ന ലസിത് മലിങ്കെയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിങ് നിരയെ നാലുവിക്കറ്റ് 130 എന്ന സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ അവര്‍ക്കായി.

58 ബോളില്‍ നിന്നും അഞ്ചു ഫോറുകളുടെയും നാലു സിക്‌സറിന്റെയും പിന്തുണയോടെ 77 റണ്‍സെടുത്ത വിരാട് കോഹ്‌ലിയൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. രോഹിത് ശര്‍മ 29ഉം രഹാനെ മൂന്നും യുവരാജ് സിങ് 11ഉം റണ്‍സെടുത്തു. കുലശേഖര, മാത്യുസ്, ഹെരത് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. മികച്ച ഫോമിലായിരുന്ന കോഹ്‌ലിയെ സേനാനായകെ റണ്ണൗട്ടാക്കിയതായിരുന്നു കളിയിലെ വഴിത്തിരിവ്.
ലങ്കയുടെ തുടക്കവും മെച്ചപ്പെട്ടതായിരുന്നില്ല. പക്ഷേ, ട്വന്റിയില്‍ നിന്നും വിടവാങ്ങുന്ന മഹേല ജയവര്‍ധനയുടെയും കുമാര സംഗക്കാരയുടെയും പരിചയ സമ്പത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 35 ബോളില്‍ നിന്നും 52 റണ്‍സെടുത്ത സംഗക്കാര തന്നെയാണ് കളിയിലെ കേമന്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരം ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ്.