Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് തിരിച്ചുവരുന്നു, പ്രസിഡന്റ്‌സ് കപ്പില്‍ പങ്കെടുക്കും

വിലക്ക് തീര്‍ന്നു. ഇനി തിരിച്ചുവരവ്. ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'പ്രസിഡന്റസ് കപ്പ്' ടൂര്‍ണമെന്റിലൂടെ ശ്രീശാന്ത് ക്രിക്കറ്റില്‍ തിരിച്ചെത്തും. ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ചാണ് ട്വന്റി-20 ലീഗായ പ്രസിഡന്റസ് കപ്പിന് തുടക്കം.

ടൂര്‍ണമെന്റില്‍ ശ്രീശാന്ത് പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷനുകളുടെ ചുവടുപ്പിടിച്ചാണ് പുതിയ ട്വന്റി-20 ലീഗിന് കെസിഎ തയ്യാറെടുക്കുന്നത്. ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനിയായ ഡ്രീം ഇലവനാണ് പ്രസിഡന്റസ് കപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.

Sreesanth To Participate In Presidents Cup In Alappuzha

ഈ വര്‍ഷം ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കപ്പിന്റെ മുഖ്യാകര്‍ഷണം ശ്രീശാന്തായിരിക്കും. ലീഗില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ ബയോ ബബിള്‍ സുരക്ഷയിലാണ് കഴിയുന്നത്. ഡിസംബര്‍ ആദ്യവാരം പ്രസിഡന്റ്‌സ് കപ്പ് നടത്താനാണ് കെസിഎയുടെ ആലോചന. കേരള സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് സാജന്‍ വര്‍ഗീസ് അറിയിച്ചു. ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, പുതുച്ചേരി ടൂര്‍ണമെന്റുകളുടെ ഫോര്‍മാറ്റായിരിക്കും പ്രസിഡന്റ്‌സ് കപ്പും പിന്തുടരുക.

തിരിച്ചുവരാന്‍ 'ശ്രീ'

ഇന്ത്യക്കു വേണ്ടി പേസറെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവച്ചിട്ടുള്ളത്. 2007 -ലെ പ്രഥമ ടി20 ലോകകപ്പിലും 2011 -ലെ ഏകദിന ലോകകപ്പിലും എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ശ്രീശാന്തുമുണ്ടായിരുന്നു സംഘത്തില്‍. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച അവസാന ക്യാച്ചെടുത്തതും ശ്രീ തന്നെ. 37 കാരനായ ശ്രീശാന്ത് ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി-20 മത്സരങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്. ആകെ 169 വിക്കറ്റുകളും പേസര്‍ നേടി. 2011 -ലാണ് ശ്രീ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചത്.

2013 -ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തകാലം വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടം ശ്രീ നടത്തി. ശേഷം, 2015 -ല്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. 2018 -ല്‍ കേരള ഹൈക്കോടതി താരത്തിനു ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 2019 -ല്‍ ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി ബിസിസിഐ ചുരുക്കിയത്. 2023ലെ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം വീണ്ടുമൊരു കിരീടം സ്വന്തമാക്കിയ ശേഷം വിരമിക്കുകയാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ സ്വപ്നം.

Source: Sportstar

Story first published: Sunday, November 22, 2020, 22:22 [IST]
Other articles published on Nov 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+