ദുബായ്: ഐപിഎല്‍ ഒത്തു കളി വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കരിയര്‍ തന്നെ അവതാളത്തിലായ ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് ബിസിസിഐ താരത്തെ വീണ്ടും കുടുക്കിയത്.

ഒത്തുകളി കേസില്‍ ശ്രീയെ കാടതി കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശ്രീശാന്ത് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരേ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വീണ്ടും ശ്രീശാന്തിനെ വിലക്കിക്കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു.

വീണ്ടും വിലക്ക് വന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനൊന്നും ശ്രീ തയ്യാറല്ല. പോരാടാന്‍ തന്നെയാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. വേണ്ടി വന്നാല്‍ മറ്റു രാജ്യങ്ങളുടെ ജഴ്‌സി അണിയാന്‍ താന്‍ തയ്യാറാണെന്ന് ശ്രീ തുറന്നടിച്ചു. ദുബായില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐയേക്കാള്‍ മുകളിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐസിസി). തന്നെ വീണ്ടും വിലക്കാനുള്ള ബിസിസിഐയുടെ നടപടിക്കെതിരേ നിയമപരമായി തന്നെ പോരാടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.