കൊച്ചി: ഐപിഎല്‍ വാതുവെപ്പുകേസില്‍ കുടുങ്ങുകയും, കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന് ക്രിക്കറ്റ് കളിയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി സി മാത്യുവും ഇക്കാര്യം ശരിവെക്കുന്നു.
ദില്ലി പാട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുകയും കുറ്റപത്രം റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ദില്ലി പോലീസ് അപ്പീല്‍ നല്‍കുമെന്ന് ഉറപ്പാണ്. അപ്പീലില്‍ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യുകയാണെങ്കില്‍ ശ്രീശാന്ത് വീണ്ടും ത്രിശങ്കുവിലാകും. അതുകൊണ്ടുതന്നെ കോടതിയിലെ വ്യവഹാരങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറാവുകയുള്ളു എന്നാണ് സൂചനകള്‍.

ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ നടപടിയെടുക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ഥിച്ച് ടി സി മാത്യു കത്തയച്ചിട്ടുണ്ട്. എന്നാല്‍, ബോര്‍ഡിന്റെ അച്ചടക്ക സമിതിയുടെ തീരുമാനമാകയാല്‍ നടപടിക്രമത്തില്‍ കാലതാമസം ഉണ്ടായേക്കും. കേസിന്റെ വിധിയും ബിസിസിഐയ്ക്ക് ലഭിച്ച തെളിവും പരിശോധിച്ചാകും വിലക്ക് നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ബിസിസിഐ കടക്കുക.
അതിനിടെ രണ്ടരവര്‍ഷത്തിനുശേഷം ശ്രീശാന്ത് വീണ്ടും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചു. ആജീവനാന്ത വിലക്കിനെ തുടര്‍ന്ന് ശ്രീശാന്തിന് സ്റ്റേഡിയത്തില്‍ പരിശീലിക്കുന്നത് വിലക്കുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് അവസരം ഒരുക്കുമെന്ന് സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയുടെ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിസിസിഐയുമായി കരാറില്‍ ഉള്ളതിനാല്‍ അത് എളുപ്പമാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.