മെല്‍ബണ്‍: കാട്ടുതീയില്‍ വിറങ്ങലിച്ച ഓസ്‌ട്രേലിയക്ക് കൈത്താങ്ങാവാനായി മുന്‍ ഇതിഹാസ താരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന ടി10 ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഓസീസ് നായകന്മാരായ റിക്കി പോണ്ടിങ് ഇലവനും ആദം ഗില്‍ ക്രിസ്റ്റ് ഇലവനും തമ്മിലാണ് മത്സരിക്കുന്നത്. ക്രിക്കറ്റ് ലോകം അടക്കിവാണ ഒട്ടുമിക്ക ഇതിഹാസങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച മെല്‍ബണിലാണ് മത്സരം.
റിക്കി പോണ്ടിങ് ഇലവനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലിപ്പിക്കുമ്പോള്‍ ടിം പെയ്‌നാണ് ഗില്‍ക്രിസ്റ്റ് ഇലവന്റെ പരിശീലകന്‍. ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ നേരത്തെ മത്സരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. ഈ അടുത്തുണ്ടായ കാട്ടുതീ ഓസ്‌ട്രേലിയയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഏക്കറു കണക്കിന് വനപ്രദേശം അഗ്നിക്കിരയാവുകയും നിരവധി ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ കാലാവസ്ഥയേയും ഏറെ പ്രതികൂലമായി കാട്ടുതീ ബാധിച്ചു. സാമ്പത്തികമായും ഏറെ തകര്‍ന്ന ഓസ്‌ട്രേലിയക്ക് പുതുഊര്‍ജം നല്‍കാന്‍വേണ്ടിയുള്ള ശ്രമത്തിലാണ് കായിക ലോകം. ഇതിന്റെ ഭാഗമായി ഇന്ത്യ - ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് സീരിസ്, ബിഗ്ബാഷ് ലീഗ് ഫൈനല്‍ എന്നിവയിലൂടെ ലഭിക്കുന്ന പണവും ഓസ്‌ട്രേലിയയുടെ ഫണ്ട് ശേഖരണത്തിന് നല്‍കും. ഷെയ്ന്‍ വോണ്‍ തന്റെ ഗ്രീന്‍ ക്യാപ് ലേലത്തില്‍ വെച്ച് തുക കൈമാറിയിരുന്നു.
ടീം ഇങ്ങനെ:
പോണ്ടിങ് ഇലവന്‍ - മാത്യു ഹെയ്ഡന്‍, ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍), എല്‍സി വില്ലനി, ബ്രയാന്‍ ലാറ, ഫോബി ലിച്ച്ഫീല്‍ഡ്, ബ്രാഡ് ഹാഡിന്‍, ബ്രയ്റ്റ് ലീ, വസിം അക്രം, ഡാന്‍ ക്രിസ്റ്റ്യന്‍, ലൂക്ക് ഹോഡ്ജ്
ഗില്‍ക്രിസ്റ്റ് ഇലവന്‍ - ആദം ഗില്‍ക്രിസ്റ്റ് (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സണ്‍, ബ്രാഡ് ഹോഡ്ജ്, യുവരാജ് സിങ്, അലക്‌സ് ബ്ലാക്ക്‌വെല്‍, ആന്‍ഡ്രു സിമ്മണ്‍സ്, കോഡ്‌നി വാല്‍ഷ്, നിക്ക് റിവോള്‍ഡ്, പീറ്റര്‍ സിഡില്‍, ഫവാദ് അഹ്മദ്.