ധാക്ക: സ്വന്തം നാട്ടിലെ ആരാധകര്‍ക്കുമുമ്പില്‍ വെസ്റ്റ് ഇന്റീസ് പട തീര്‍ത്ത വാരിക്കുഴിയില്‍ കൂട്ടത്തോടെ ഒടുങ്ങേണ്ടി ആ നിമിഷങ്ങളെ ഓര്‍മ്മയില്‍ തിരികെ വിളിക്കാന്‍ ബാംഗ്ലാദേശ് താരങ്ങള്‍ ഒരിക്കലും ധൈര്യപ്പെട്ടേയ്ക്കില്ല. അത്രയ്ക്കും ഹൃദയഭേദകമായിരുന്നു ആ പരാജയം. അപ്രവചനീയമെന്ന് വിശേഷിപ്പിച്ച വെസ്റ്റ് ഇന്‍ഡീസ് ബാംഗ്ലാദേശ് മത്സരം തീര്‍ത്തും ഏകപക്ഷീയമായി അവസാനിച്ചു. സ്വന്തം മണ്ണില്‍ ബംഗ്ലാ കടുവകള്‍ നാണക്കേടിന്റെ പടുകുഴിയിലാണ്ടു. ബംഗ്ലാദേശിനെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അനായാസ വിജയങ്ങളിലൊന്ന് സ്വന്തമാക്കി.

59 റണ്‍സെന്ന 'നിസാര' സ്‌കോര്‍ പിന്തുടര്‍ന്നു ഇറങ്ങിയ വിന്‍ഡീസ് 12.2 ഓവറില്‍ ലക്ഷ്യം കടന്നു. ഡേവണ്‍ സ്മിത്ത് അനാവശ്യമായി വിക്കറ്റ് കളഞ്ഞത് അവര്‍ക്കു പത്തു വിക്കറ്റ് ജയം നഷ്ടമാക്കി. മുന്‍ നായകന്‍ ക്രിസ് ഗെയ്ല്‍ (36 പന്തില്‍ പുറത്താകാതെ 37) പ്രകടനം തുടങ്ങിയപ്പോഴേക്കും മത്സരം അവസാനിയ്ക്കുകയായിരുന്നു. കീമര്‍ റോച്ച് എറിഞ്ഞ ആദ്യ ഓവറില്‍ ഓപ്പണര്‍ തമീം ഇഖ്ഖാല്‍ പുറത്തായതോടെയാണു ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങിയത്.
33 പന്തില്‍ 25 റണ്‍സെടുത്ത ജുനൈദ് സിദ്ദിഖി പൊരുതി നിന്നെങ്കിലും റോച്ചിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. മുഹമ്മദ് അഷ്‌റാഫുള്ളാണ് പിന്നീട് രണ്ടക്കം കണ്ട ഏക ബാറ്റ്‌സ്മാന്‍.ക്യാപ്റ്റന്‍ ഷകീബ് അല്‍ ഹസന്‍ (8), ഇമ്രുള്‍ കൈയ്‌സ് (5), മുഷ്ഫികര്‍ റഹിം (0) റഫീബുള്‍ ഹസന്‍ (4) എന്നിവര്‍ നിരാശപ്പെടുത്തി.
മത്സരത്തിന്റെ ചിത്രങ്ങള്‍
വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശിനെ സ്പിന്‍ മികവിനെ എങ്ങനെ തകര്‍ക്കാം എന്നാലോചിച്ചാണ് മത്സരത്തിനെത്തിയത്. എന്നാല്‍ ഒരു വേവലാതിയ്ക്കും അവസരമുണ്ടാക്കാതെ വിജയം അവരെ മാടിവിളിച്ചു. ഈ ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടിലേക്കായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ച.
കളി വേഗം തീര്‍ക്കാനുള്ള ഒരു തിടുക്കവും വിന്‍ഡീസിനുണ്ടായിരുന്നില്ല. ക്രീസില്‍ ആവുന്നത്ര നേരം നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് മത്സരത്തിനുമുന്നെ തന്നെ നായകന്‍ ക്രിസ് ഗെയില്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ക്രിസ് ഗെയ്‌ലിന് അതിനുള്ള അവസരമുണ്ടായിരുന്നില്ല. എന്നാല്‍, 36 പന്തില്‍ 37 റണ്‍സുമായി ഗെയ്ല്‍ 12.2 ഓവറില്‍ മത്സരം വിന്‍ഡീസിന് സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കെമര്‍ റോച്ച് വിന്‍ഡീസിന്റെ വിജയശില്പിയും കളിയിലെ കേമനുമായി. ഹാട്രിക്കടക്കം 10 വിക്കറ്റാണ് റോച്ച് ഇതേവരെ നേടിയിട്ടുള്ളത്.