ഇന്ത്യ-ലങ്ക മത്സരത്തിന് കനത്ത സുരക്ഷ
മുംബൈ: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നു ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനു കനത്ത സുരക്ഷ. ഇന്ത്യാ-ശ്രീലങ്ക ഫൈനല്‍ മല്‍സരം നടക്കുന്ന വാങ്കഡെ സ്‌റ്റേഡിയത്തിലും മുംബൈ നഗരത്തിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുംബൈ പോലീസിനു പുറമേ, എന്‍എസ്ജി, മഹാരാഷ്ട്ര എലൈറ്റ് ഫോഴ്‌സ് വണ്‍, ദ്രുതകര്‍മ സേന, സംസ്ഥാന റിസര്‍വ് പോലീസ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം എന്നിവയ്ക്കാണു സ്‌റ്റേഡിയത്തിന്റെ രക്ഷാചുമതല. ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീലും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയും മല്‍സരം കാണാനെത്തുന്നതും സുരക്ഷാ സംവിധാനം കര്‍ശനമാക്കാനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നാണ്. സ്‌റ്റേഡിയത്തിനു മുകളില്‍ വ്യോമനിരോധനം പ്രഖ്യാപിച്ചു. സ്‌റ്റേഡിയത്തിന് അകത്തുംപുറത്തുമായി 180 ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളാണു സ്ഥാപിച്ചിരിക്കുന്നത്. മുംബൈയിലേക്കുള്ള മുഴുവന്‍ കടല്‍മാര്‍ഗങ്ങളും അടയ്ക്കും. രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ തലങ്ങളിലായാണു സുരക്ഷ ഒരുക്കുന്നത്. പുറത്തുനിന്നുകൊണ്ടുവരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സ്‌റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല.
ഭീകരര്‍ രാസ ബോംബുകള്‍ ഉപയോഗിച്ചേക്കാം എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വെള്ളക്കുപ്പികളും സ്‌റ്റേഡിയത്തിലേക്കു കൊണ്ടുവരുന്നതിന് അനുവദിക്കില്ല. സ്‌റ്റേഡിയത്തിനുള്ളില്‍ കാണികള്‍ക്കു കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റാമെന്ന ഭീഷണി മുന്‍നിര്‍ത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. സ്‌റ്റേഡിയത്തിലെത്തുന്നതിനു കാണികള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ ഏകോപനത്തിനായി സ്‌റ്റേഡിയത്തിനുള്ളില്‍ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാജ്കുമാര്‍ വട്ഖര്‍ പറഞ്ഞു. സ്‌റ്റേഡിയത്തിനുള്ളിലെ നിയന്ത്രണം സിഐഎസ്എഫിനും ചുറ്റുപാടുകളുടേത് എസ്ആര്‍പിഎഫിനുമായിരിക്കും. മുംബൈ നേവല്‍ ബേസില്‍ മറൈന്‍ കമാന്‍ഡോകള്‍, ഹെലികോപ്ടറുകള്‍ എന്നിവ ഏതു സാഹചര്യങ്ങളേയും നേരിടുന്നതിനു സുസജ്ജരായിരിക്കും.
ലോകകപ്പിന്റെ ഭാഗമായി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടു മല്‍സരങ്ങളും പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതെ അവസാനിച്ചിരുന്നു. എന്നാല്‍ ഫൈനലിനു ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി ആശങ്കയുണ്ടാക്കുന്നുണ്ട്.
മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിനു സിറ്റി പോലീസ് നിര്‍ദേശിച്ചതനുസരിച്ചാണു സര്‍ക്കാര്‍ അവധി നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications