കീവീസ് കരുത്തില്‍ ദക്ഷിണാഫ്രിക്ക പുറത്ത്
മിര്‍പൂര്‍: ഒരിക്കല്‍ക്കൂടി ആ ചരിത്രം ആവര്‍ത്തിച്ചു, നിര്‍ണായക മത്സരങ്ങളില്‍ മുട്ടിടിക്കുന്നുവെന്ന അപകീര്‍ത്തിയുമായി ഗ്രെയിം സ്മിത്തും കൂട്ടരും ഈ ലോകകപ്പില്‍ നിന്നും പുറത്തേയ്ക്ക്്. മനക്കരുത്തിന്റെ പര്യായമായി മാറിയ ന്യൂസിലാന്റ് ടീമിന് മുന്നില്‍ 49 റണ്‍സിന് ദക്ഷിണാഫ്രിയ്ക്കയ്ക്ക് കീഴടങ്ങേണ്ടിവന്നു. നോക്കൌട്ട് ഘട്ടത്തിലെ ആദ്യ അട്ടിമറി ആഘോഷിച്ച കിവീസ് ആറാം തവണയാണ് ലോകകപ്പ് സെമിയിലേക്കു യോഗ്യത നേടുന്നത്.

ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ പുറത്തെടുത്ത മികവാണ് വിജയത്തില്‍ നിര്‍ണായക ഘടകമായത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ തിളങ്ങിനിന്നു. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 43.2 ഓവറില്‍ 172 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഓറവും മൂന്നു വിക്കറ്റ് നേടിയ നഥാന്‍ മക്കല്ലവുമാണ് ആഫ്രിക്കന്‍ സ്വപ്‌നങ്ങള്‍ അരിഞ്ഞുവീഴ്ത്തിയത്.ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ കളംനിറഞ്ഞാടി. ഈ സമയത്ത് ന്യൂസിലാന്റ് സ്‌കോര്‍ ആടിയുലഞ്ഞത് ആശങ്കയുണ്ടാക്കി. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ സ്പിന്നര്‍മാര്‍ കരുത്ത് പുറത്തെടുക്കുകയും ചെയ്തു.
നാലു റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം പുറത്ത്. റോബിന്‍ പീറ്റേഴ്‌സണിനു വിക്കറ്റ്. തൊട്ടുപിന്നാലെ മാര്‍ട്ടിന്‍ ഗുപ്ടിലിനെ(1) സ്‌റ്റെയ്‌നും മടക്കിയതോടെ ആദ്യ മണിക്കൂറില്‍ത്തന്നെ ന്യൂസിലന്‍ഡ് ഇടര്‍ച്ചയിലായി. തുടര്‍ന്നായിരുന്നു കിവീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്.റോസ് ടെയ്‌ലറും(43) ജസി റൈഡറും(83) ഒരുമിച്ചതോടെ കിവീസ് അമ്പരപ്പിച്ചുകൊണ്ട് തിരിച്ചുവരികയായിരുന്നു. മൂന്നാം വിക്കറ്റില്‍ 114 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. റൈഡര്‍ 121 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെയാണ് 83 റണ്‍സ് നേടിയത്. 72 പന്തില്‍ നിന്നായിരുന്നു ടെയ്‌ലറിന്റെ 43. ഇരുവരും പുറത്തായതോടെ കിവീസ് വീണ്ടും ഉലഞ്ഞു.
പിന്നീടെത്തിയവരില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്ന വില്യംസണിനു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ ചെറുക്കാനായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്‍ക്കല്‍ മുന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. തുടര്‍ന്നു മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ അനായാസം വിജയം നേടുമെന്നുവരെ തോന്നലുണ്ടാക്കി. എന്നാല്‍ പിന്നീട് സങ്കടകരമാംവിധത്തില്‍ തകര്‍ന്നടിഞ്ഞു.
ഓപ്പണര്‍ ഹാഷിം അംലയെ(7) തുടക്കത്തിലേ നഷ്ടമായ അവര്‍ക്കു വേണ്ടി രണ്ടാം വിക്കറ്റില്‍ നായകന്‍ ഗ്രെയിം സ്മിത്തും(28) പരിചയ സമ്പന്നനായ ജാക് കാലിസും(47) ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു.സ്മിത്ത് മടങ്ങിയ ശേഷം കാലിസിനൊപ്പം ഡിവില്യേഴ്‌സ്(35) ചേര്‍ന്നതോടെ സ്‌കോര്‍ മെല്ലെ ലക്ഷ്യത്തിലേക്ക് നീങ്ങി.
എന്നാല്‍ നാലോവറിന്റെ ഇടവേളയില്‍ ഇരുവരുടേയും ഉള്‍പ്പടെ മൂന്നു വിക്കറ്റ് നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക കുഴഞ്ഞു. കാലിസിനെ സൗത്തി മടക്കിയപ്പോള്‍ ഡിവില്യേഴ്‌സ് റണ്ണൗട്ടാകുകയായിരുന്നു. അംല, ഡുമിനി(3), സ്‌റ്റെയ്ന്‍(8) എന്നിവരെ നഥാന്‍ മക്കല്ലം മടക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ ജേക്കബ് ഓറമാണ് തകര്‍ത്തത്. നാലു വിക്കറ്റ് വീഴ്ത്തിയ ഓറമാണ് കളിയിലെ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications