കിവികളെ ചുരുട്ടിക്കെട്ടി; ലങ്ക ഫൈനലില്‍
കൊളംബോ: ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡിനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ലങ്ക സെമി കടന്നത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ബുധനാഴ്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.

കൊളംബോയില്‍ നടന്ന ആദ്യ ലോകകപ്പ് സെമിയില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് 48.5 ഓവറില്‍ 217 റണ്‍സിനു പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്ക 13 പന്തു ബാക്കിനില്‍ക്കെ 220 റണ്‍സ് നേടി ലക്ഷ്യം കാണുകയും ചെയ്തു. മോഹിപ്പിക്കുന്ന അര്‍ധസെഞ്ചുറികളുമായി ന്യൂസിലന്‍ഡ് ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനും(73), നായകന്‍ കുമാര്‍ സംഗക്കാരയുമാണ്(54) ലങ്കന്‍ വിജയം അനായാസമാക്കിയത്. ഉപുല്‍ തരംഗ(30), തിലന്‍ സമരവീര(23 നോട്ടൗട്ട്) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗ്രൗണ്ടില്‍ മികച്ച തീരുമാനങ്ങളും അര്‍ധസെഞ്ചുറിയുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച സംഗക്കാരയാണ് കളിയിലെ കേമന്‍.അഞ്ചു തവണ ശ്രമിച്ചിട്ടും കിട്ടാതെ പോയ ഫൈനല്‍ മാച്ച് എന്ന സ്വപ്‌നത്തിന് ഇത്തവണയെങ്കിലും സാക്ഷാത്കാരം വേണമെന്നുറപ്പിച്ചാണ് കിവീസ് ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തത്.
ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്ത് അവര്‍ ഭേദപ്പെട്ട തുടക്കം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലങ്കണ്‍ ബൗളര്‍മാരുടെ കരുത്തില്‍ 13 റണ്‍സുമായി ബ്രണ്ടന്‍ മെക്കല്ലം പുറത്തായതോടെ ഇടറിയ കിവികള്‍ക്ക് പിന്നീട് പുരോഗതികണ്ടെത്താന്‍ ഒരിടത്തുമായില്ല. ജസി റൈഡര്‍(19), മാര്‍ട്ടിന്‍ ഗുപ്ടില്‍(39) എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മൂന്നിന് 84 എന്ന നിലയില്‍ തകര്‍ന്ന കിവികള്‍ക്ക് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റോസ് ടെയ്‌ലര്‍സ്‌കോട്ട് സ്‌റ്റൈറിസ് സഖ്യമാണ് തുണയായത്.ഇരുവരും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 77 റണ്‍സാണ് കിവീസ് ഇന്നിംഗ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. എന്നാല്‍ 36 റണ്‍സ് നേടിയ ടെയ്‌ലറിനെ മെന്‍ഡിസ് പുറത്താക്കിയതോടെ അവര്‍ വീണ്ടും തകര്‍ന്നു.
പിന്നീടെത്തിയവരില്‍ 22 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ക്ഷമയോട ബാറ്റു വീശി അര്‍ധ സെഞ്ചുറി നേടിയ സ്‌റ്റൈറിസിനെ ശ്രീലങ്കയില്‍ അവസാന ഏകദിനത്തിനിറങ്ങിയ മുത്തയ്യാ മുരളീധരന്‍ ചുരുട്ടിക്കെട്ടി. അതോടെ കിവികളുടെ അവസാനപ്രതീക്ഷയും അസ്തമിച്ചു. പിന്നീട് വന്നവര്‍ വന്നവര്‍ അതിലും വേഗത്തില്‍ തിരിച്ചുപോയ്‌ക്കൊണ്ടിരുന്നു. വെറും 13 റണ്‍സിനാണ് കിവീസ് അവസാന അഞ്ചു വിക്കറ്റ് കളഞ്ഞുകുളിച്ചത്.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കു വേണ്ടി പതിവുപോലെ ദില്‍ഷനും തരംഗയും ചേര്‍ന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. 30 റണ്‍സ് നേടി തരംഗ മടങ്ങിയെങ്കിലും പിന്നീടെത്തിയ നായകന്‍ സംഗക്കാര ദില്‍ഷന്‍ കൂട്ടുകെട്ട് ടീമിനെ ഇടറാതെ കൈപിടിച്ചുനടത്തി.
93 പന്തില്‍ നിന്നു 73 റണ്‍സ് നേടി ദില്‍ഷന്‍ മടങ്ങിയതിനു പിന്നാലെ മധ്യനിര താരം ജയവര്‍ധനെ(1) സംഗക്കാര(54), ചമരസില്‍വ(13) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായത് കിവീസിനു പ്രതീക്ഷ നല്‍കിയെങ്കിലും സമ്മര്‍ദത്തിനടിപ്പെടാതെ ബാറ്റു വീശിയ സമരവീരയും എയ്ഞ്ചലോ മാത്യൂസും(14) ചേര്‍ന്ന ലങ്കയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications