ദില്ലി: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേടിയതിന്റെ ആഘോഷലഹരി തുടരുന്നതിനിടെ ലോകജേതാക്കള്‍ക്ക് സമ്മാനപ്രവാഹം. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ധോണിയ്ക്കും സംഘത്തിനും ചായസത്ക്കാരം ഒരുക്കിയാണ് രാഷ്ട്രപതി അവരെ അഭിനന്ദിച്ചത്.

അതേ സമയം കളിക്കാരെ സമ്മാനം കൊണ്ട മൂടുന്നതിന്റെ തിരക്കിലാണ് രാജ്യം. ലോകകപ്പ് നേടിയ ഉടന്‍ ബിസിസിഐ കളിക്കാര്‍ക്കെല്ലാം ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ദല്‍ഹിയില്‍ നിന്നുള്ളവര്‍ക്കും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വന്‍ സമ്മാനം പ്രഖ്യാപിച്ചു. ധോണിക്ക് രണ്ടു കോടി രൂപയും ടീമിലെ ദല്‍ഹി സ്വദേശികളായ ഗൗതം ഗംഭീര്‍, വീരേന്ദ്ര സെവാഗ്, ആശിഷ് നെഹ്‌റ, വിരാട് കൊഹ്‌ലി എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതവുമാണ് ലഭിക്കുക.
ലോകകപ്പ് ജേതാക്കള്‍ക്കുള്ള ഐസിസിയുടെ പ്രതിഫലവും ഭീമമാണ്. ടീം ഇന്ത്യയ്ക്ക് നാല് മില്യണ്‍ ഡോളറാണ് ഐസിസി നല്‍കുക. ടീമിലെ 15 കളിക്കാര്‍ക്കും 1.33 കോടി രൂപം വീതം ഇതില്‍ നിന്ന് ലഭിയ്ക്കും.
ധോണിക്കും കൂട്ടര്‍ക്കും പാരിതോഷികമായി കര്‍ണാടക സര്‍ക്കാര്‍ ഐടി നഗരമായ ബാംഗ്ലൂരില്‍ വീടുവെയ്ക്കാന്‍ സ്ഥലം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന 15 പേര്‍ക്കും സ്ഥലം ലഭ്യമാകും. ഇതിന് ബാംഗ്ലൂരിലെ റോഡിന് ക്യാപ്റ്റന്‍ ധോണിയുടെ പേരുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കോച്ച് ഗാരി കേര്‍സ്റ്റനും ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും സമ്മാനം നല്‍കുമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്.
4000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്ലോട്ടുകളാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം എസി ഫസ്റ്റ് ക്ലാസില്‍ ആജീവനാന്ത സൗജന്യ യാത്രപാസ് നല്‍കിയാണ് ലോകകപ്പ് ഇന്ത്യയിലെത്തിച്ച താരങ്ങളെ റെയില്‍വെ ആദരിയ്ക്കുന്നത്. കളിക്കാര്‍ക്കൊപ്പം ഒരാള്‍ക്കു കൂടി ഈ പാസുപയോഗിച്ച് യാത്ര ചെയ്യാം. റെയില്‍വേ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെവിടെയും ഈ പാസുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് റെയില്‍വേ വ്യക്തമാക്കി.
ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തിച്ചതിന് പാരിതോഷികമായി ഹര്‍ഭജന്‍ സിംഗിനും യുവരാജ് സിംഗിനും പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നല്‍കും. ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ ആണ് സമ്മാനം പ്രഖ്യാപിച്ചത്.
തങ്ങളുടെ വീരപുത്രന്‍ ലോകം കീഴടക്കിയതിന്റെ ആഹ്ലാദം ഝാര്‍ഖണ്ഡ് സര്‍ക്കാറും മറച്ചുവെച്ചില്ല. ക്രിക്കറ്റിന്റെ തിരക്കുകളില്‍ ഷെഡ്യൂള്‍ മൂലം ബിരുദപഠനം പാതിവഴിയ്ക്ക് മുടങ്ങിയ ധോണിയ്ക്ക് ഓണററി ഡോക്ടേറ്റ് നല്‍കി ആദരിയ്ക്കും. ധോണിയുടെ നാടായ റാഞ്ചിയില്‍ പ്രായഭേദമന്യേ എല്ലാവരും ആഘോഷിയ്ക്കുകയാണ്.
ഇന്ത്യയുടെ ചരിത്ര നേട്ടത്തില്‍ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അഭിനന്ദനമറിയിച്ചു. പാകിസ്താനിലെ നിരവധി ക്രിക്കറ്റ് ആരാധകരും ഇന്ത്യന്‍ ടീമിന് അഭിനന്ദനം അര്‍പ്പിച്ചു. സെമിയില്‍ പാക്കിനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കുള്ള യോഗ്യത നേടിയത്.